KSDLIVENEWS

Real news for everyone

ഇന്ത്യയിലെത്തി ‘പൊടിപാറും’ കച്ചവടം, എംഡിഎംഎയുമായി 59 യാത്രകള്‍, ട്രോളിയില്‍ 75 കോടിയുടെ ലഹരിയുമായി ദക്ഷിണാഫിക്കൻ യുവതികൾ മംഗളൂരുവിൽ പിടിയിൽ

SHARE THIS ON

മംഗളൂരു: കർണാടകയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ലഹരി വേട്ടയ്ക്കാണ് മംഗളൂരു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകളെയാണ് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 38 കിലോ എംഡിഎംഎയാണ് പിടികൂടിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ വനിതകളാണ് ഇരുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബമ്പ ഫൻഡ (31), ആബിഗലി അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗിലാക്കിയാണ് ഇവർ എംഡിഎംഎ ഇന്ത്യയിലെത്തിച്ചതെന്നാണ് മംഗളൂരു പോലീസ് കമ്മിഷണർ പറയുന്നത്. നാല് മൊബൈൽ ഫോണുകൾ, പാസ്പോർട്ടുകൾ 18000 രൂപ എന്നിവയും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹിയിൽ താമസിച്ചായിരുന്നു ഇവരുടെ കച്ചവടം. യാത്രയ്ക്കായി വിമാനമായിരുന്നു മിക്കവാറും ഉപയോഗിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവർ എംഡിഎംഎ എത്തിച്ചിരുന്നു. കഴിഞ്ഞ വർഷത്തിൽ 37 ട്രിപ്പുകളാണ് ഇവർ മുംബൈയിലേക്ക് മാത്രം നടത്തിയത്. ബെംഗളൂരുവിലേക്ക് മാത്രം 22 ട്രിപ്പും.

2020-ൽ ബിസിനസ് വിസയിലാണ് അഡോണിസ് ഇന്ത്യയിൽ എത്തുന്നത്. 2016-ലാണ് ആബിഗലി ഇന്ത്യയിലെത്തിയത്. തുണിക്കച്ചവടവുമായി ഇവിടെ തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇരുവരും ലഹരി വിൽപന നടത്തിവരുന്നുവെന്ന് മംഗളൂരു പോലീസ് കമ്മിഷണർ പറയുന്നു.

2024 ല്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒരു അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിലെത്തിയത്. ഹൈദര്‍ അലി എന്നയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൈദര്‍ അലിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളെ തുടര്‍ന്ന് കേസ് സിസിബി(Central Crime Branch ) യൂണിറ്റിന് കൈമാറി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് 6 കിലോഗ്രാം മയക്കുമരുന്നുമായി പീറ്റര്‍ ഇക്കെഡി എന്ന നൈജീരിയന്‍ സ്വദേശി അറസ്റ്റിലായി. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. ബെംഗളൂരു നഗരത്തിലേക്ക് രണ്ട് വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14 നാണ് പോലീസിന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!