പരസ്പരം ഹസ്തദാനം നടത്തി, ആലിംഗനം ചെയ്ത് അവര്‍ ആഹ്ലാദം പങ്കിട്ടു; സുഹൃത്തുക്കളെ കണ്ട് സന്തോഷമടക്കാനാവാതെ സുനിത വില്യംസ്

ഒമ്പതുമാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനായി നാസയും സ്പേസ് എക്സും ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിക്ഷേപിച്ചിരിക്കുകയാണ്.
പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തിലെ ഡ്രാഗണ്‍ പേടകത്തില്‍ എത്തി.
പുതുതായി എത്തിയ ബഹിരാകാശയാത്രികർ ഓരോരുത്തരായി ബഹിരാകാശത്തേക്ക് ഒഴുകിയെത്തിയപ്പോള്‍ ബുച്ച് വില്‍മോർ ബഹിരാകാശ നിലയത്തിന്റെ ഹാച്ച് തുറന്ന് മണി മുഴക്കുന്നത് വിഡിയോയില്‍ കാണാം. അവരെ ആലിംഗനങ്ങളും ഹസ്തദാനങ്ങളും നല്കി സുനിതയും വില്‍മോറും സ്വീകരിച്ചു. ഡോക്കിങ്ങിനിടെ സഹപ്രവർത്തകരുടെ ഫോട്ടോകള്‍ എടുക്കുമ്ബോള്‍ സുനിത വില്യംസ് പുഞ്ചിരിക്കുകയായിരുന്നു.
ഇതൊരു അത്ഭുതകരമായ ദിവസമായിരുന്നു. നമ്മുടെ സുഹൃത്തുക്കള്‍ എത്തുന്നത് കാണാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം-സുനിത വില്യംസ് മിഷൻ കണ്‍ട്രോളിനോട് പറഞ്ഞു. പുതിയ ടീം ഹാച്ച് കടന്നുപോകുമ്ബോള്‍ രണ്ട് ക്രൂകളും പരസ്പരം ആലിംഗനം ചെയ്തു. ‘ഹ്യൂസ്റ്റണ്‍, ഈ അതിരാവിലെ തന്നെ നിങ്ങളെ ആലിംഗനം ചെയ്തതിന് നന്ദി, ഇതൊരു അത്ഭുതകരമായ ദിവസമായിരുന്നു. വളരെ നന്ദി’-സുനിത പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ 10 ദൗത്യം വിക്ഷേപിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ കിറില്‍ പെസ്കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്.
ബഹിരാകാശനിലയത്തിലേക്കുള്ള ഇവരുടെ വരവിനെ ആശ്ചര്യത്തോടെയാണ് സുനിത വീക്ഷിച്ചത്. നിലയത്തില്‍ എത്തിയ ശേഷം ക്രൂ അംഗങ്ങള്‍ പരസ്പരം കെട്ടിപ്പുണർന്ന് സന്തോഷം പ്രകടിപ്പിച്ചു. സുനിത ഇവർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്തു.
28 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് സംഘം സുനിതയെയും വില്‍മോറിനെയും കണ്ടത്. സുഹൃത്തുക്കളെ കണ്ട് ചിരിയോടെ നില്ക്കുന്ന സുനിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാല്‍വര്‍ സംഘത്തിന് നിലയത്തിന്റെ നിയന്ത്രണം കൈമാറിയ ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. ഇരുവര്‍ക്കുമൊപ്പം ക്രൂ 9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്കോസ്മോസിന്റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മാര്‍ച്ച് 19ന് മടങ്ങും.
എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഒമ്ബത് മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് മടങ്ങാനാവാതെ വരികയായിരുന്നു.
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്. ഡ്രാഗണ്‍ പേടകം എത്തിയതോടെ കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച സുനിത വില്യംസും വില്‍മോറും ഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ അഞ്ചിനാണ് ഇരുവരും ബഹിരാകാശത്തെത്തിയത്.