KSDLIVENEWS

Real news for everyone

ഇറാന്‍ വന്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്: വൈകാതെ അവര്‍ പൂര്‍ണമായും തകര്‍ന്നടിയും; ഡോണള്‍ഡ് ട്രംപ്

SHARE THIS ON

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാന്‍ വന്‍ തകര്‍ച്ച നേരിടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്ന് പറഞ്ഞ ട്രംപ്, എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന് തീപിടിച്ചുവെന്ന വാര്‍ത്ത തള്ളുകയും ചെയ്തു.

‘എന്റെ കണക്കുകൂട്ടലുകള്‍ പോലെ തന്നെ കാര്യങ്ങള്‍ സംഭവിക്കുകയാണ്. ഇറാന്‍ തകര്‍ച്ചയുടെ വക്കിലാണുള്ളത്. അല്‍പ്പനേരം കൂടി അവര്‍ക്ക് പിടിച്ചുനില്‍ക്കാനായേക്കും. എങ്കിലും, അധികകാലം നീളുമെന്ന് തോന്നുന്നില്ല. അവരുടെ വ്യോമാക്രമണവും പ്രതിരോധ സംവിധാനവും ഇതിനോടകം ഞങ്ങള്‍ മറികടന്നിട്ടുണ്ട്. നിലവില്‍ അവര്‍ക്ക് വ്യോമപ്രതിരോധത്തിന് സംവിധാനങ്ങളൊന്നുമില്ല. അവരുടെ പരമോന്നത നേതാവിനെ വകവരുത്താനും സുപ്രധാനമെന്ന് അവര്‍ കരുതിയിരുന്ന ഖാര്‍ഗ് ദ്വീപില്‍ ബോംബാക്രമണം നടത്താനും ഞങ്ങള്‍ക്ക് സാധിച്ചു. അവര്‍ക്ക് ഞങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നുണ്ടായിരുന്നു. പക്ഷേ, ചര്‍ച്ചകള്‍ നടത്താന്‍ അവര്‍ തയ്യാറായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. വരട്ടെ, അല്‍പം സമയമെടുത്തിട്ടാണെങ്കിലും അവരതിന് തയ്യാറാവാതിരിക്കില്ല’. ട്രംപ് പറഞ്ഞു.

അതേസമയം, ഇറാന്‍ ഉപരോധമേര്‍പ്പെടുത്തിയ സുപ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ വീണ്ടും വിഫലമായി. സുരക്ഷിത പാത ഒരുക്കുന്നതിനായി സഹായിക്കണമെന്ന ട്രംപിന്റെ സഹായം വന്‍ശക്തി രാജ്യങ്ങള്‍ നിരസിച്ചതായാണ് വിവരം.

‘ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കുന്നതിനായി പല രാഷ്ട്രങ്ങളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. അല്‍പ്പം പോലും എണ്ണ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരുടേയും അവസ്ഥ അങ്ങനെയാണെന്നാണ് മനസിലാക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത ഒരുക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുകയാണെങ്കില്‍ അത് വലിയ സഹായമായേനെ. പരസ്പരണ സഹകരണത്തോടെ ഒരുമിച്ച് മുന്നോട്ടുപോകാം’. ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍റെ ആഹ്വാനത്തോട് രാഷ്ട്രങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇതോടെ, ആഗോളതലത്തില്‍ എണ്ണ വില വീണ്ടും ഉയരുന്നതായാണ് വിവരം. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നപക്ഷം സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.

യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധമാരംഭിച്ച് ഇതിനോടകം 1,500-ലധികം പേര്‍ ഇറാനില്‍ മാത്രമായി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. 17,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റെഡ് ക്രോസ് അവസാനമായി പുറത്തുവിട്ട കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതിലും കൂടും.യുദ്ധം മുറുകുന്നത് എണ്ണ വില വര്‍ധിപ്പിക്കാനും എല്‍പിജി വിതരണത്തില്‍ നിലവിലുള്ളതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!