KSDLIVENEWS

Real news for everyone

ഹോർമുസ് തുറക്കാൻ കൂട്ടില്ലാതെ ട്രംപ്, വഴങ്ങാതെ ഇറാൻ: വിലക്കയറ്റത്തിൽ വലഞ്ഞ് ലോകം

SHARE THIS ON

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനേയി അടക്കം നാൽപ്പതോളംപേരെ വധിച്ചുകൊണ്ടാരംഭിച്ച യുദ്ധം മൂന്നാംവാരത്തിലും അതിശക്തമായി തുടരുകയാണ്. അമേരിക്ക- ഇസ്രയേൽ സഖ്യത്തിന്റെയും ഇറാന്റെയും ഇച്ഛാശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയ യുദ്ധം ഹോർമുസ് കടലിടുക്ക് അടച്ചതോടെ മധ്യപൂർവേഷ്യയെ മാത്രമല്ല, ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. ലോകത്തിലെ മൊത്തം ഇന്ധനത്തിന്റെ അഞ്ചിലൊന്നും കടന്നു പോകുന്ന ഈ കടലിടുക്കിനു ചുറ്റും നൂറുകണക്കിന് ടാങ്കറുകൾ വെറുതെ കിടക്കുകയാണ്, എണ്ണവില ബാരലിന് 100 ഡോളർ കടന്നു.

മധ്യപൂർവേഷ്യയിൽ പരിഭ്രാന്തി തുടരുകയാണ്. ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു (പിന്നീട് പരിമിതമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചു). സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവെച്ചുതന്നെ നിർവീര്യമാക്കി.  ഗാസയിലും ലെബനോനിലും ഇസ്രയേൽ സൈനികനടപടി തുടരുന്നു. ഹൂത്തികളും ഹിസ്ബുള്ളയും ഇറാനെ പിന്തുണച്ച് പടക്കളത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇതിനകം ആയിരക്കണക്കിന് വിമാനസർവീസുകളാണ് മുടങ്ങിയത്. പ്രവാസികൾ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്ന കാഴ്ചയാണ് പലയിടത്തും. ഇന്ത്യയിൽനിന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഗൾഫും ഇറാനും ഒഴിവാക്കി പറക്കുന്നതിനാൽ ഒന്നരമുതൽ മൂന്നുമണിക്കൂർ വരെ അധികസമയമെടുക്കുന്നു. ഇന്ധനവിലക്കയറ്റം കാരണം വിമാനടിക്കറ്റ് നിരക്കുകളും വർധിച്ചിരിക്കുന്നു.

അതിവേഗം യുദ്ധമവസാനിപ്പിക്കുകയും ഇറാനിൽ ഭരണമാറ്റം കൊണ്ടുവരികയും ജനാധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന് വീമ്പിളക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും രാഗം മാറ്റിയിരിക്കുന്നു. ഹോർമുസ് കടലിടുക്ക് കൈവശപ്പെടുത്താനും ഗതാഗതത്തിന് തുറന്നുകൊടുക്കാനും സഹായിച്ചില്ലെങ്കിൽ വളരെ മോശം ഭാവിയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ട്രംപ് നേറ്റോ അംഗങ്ങളെ ഭീഷണിപ്പെടുത്തി. അതുപോലെ, മധ്യപൂർവദേശത്തുനിന്ന് ഹോർമുസ് വഴി എണ്ണ വലിയതോതിൽ ഇറക്കുമതി ചെയ്തിരുന്ന രാജ്യങ്ങളും കടലിടുക്ക് സംരക്ഷിക്കാൻ തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾക്ക് തനിച്ച് പ്രശ്നം കൈകാര്യം ചെയ്യാൻ പറ്റുന്നില്ല എന്നർഥം.

ഇറാന്റെ 90% എണ്ണയും വാങ്ങിയിരുന്ന ചൈന ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുമായും ‘ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുക’യാണ്. നാറ്റോ രാജ്യങ്ങൾക്കും വലിയ താത്പ്പര്യമില്ല. നോർഡിക് രാജ്യങ്ങളല്ല യുദ്ധം തുടങ്ങിവെച്ചതെങ്കിലും തങ്ങൾക്ക് അതിന്റെ ആഗോളതലത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയാണെന്ന് നോർവേ പ്രധാനമന്ത്രി യോനാസ് ഗെഹർ സ്റ്റോർ കുറ്റപ്പെടുത്തി. ഇപ്പോൾ ചൈനയ്ക്കുമേലുള്ള സമ്മർദ്ദങ്ങൾ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ട്രംപ്. മാർച്ച് അവസാനത്തോടെ ബെയ്ജിങ് സന്ദർശിക്കാനിരുന്ന ട്രംപ് ഹോർമുസ് വീണ്ടും തുറക്കാൻ സഹായിക്കാമെന്ന് ചൈന സമ്മതിക്കുന്നതുവരെ യാത്ര വൈകിപ്പിച്ചേക്കുമെന്ന് സൂചിപ്പിച്ചു കഴിഞ്ഞു. തന്റെ ആവശ്യത്തിന് കാര്യമായ പ്രതികരണമില്ലാതെ വന്നപ്പോൾ ട്രംപ് ദേഷ്യപ്പെട്ടു. ‘അവർ സ്വന്തം പ്രദേശങ്ങൾ (താത്പ്പര്യമേഖലകൾ) സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നാണ് ഞാനാവശ്യപ്പെട്ടത്. ഒരുപക്ഷേ, ഞങ്ങൾ അവിടെ പോകണ്ടിയിരുന്നില്ല എന്നും പറയാം. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് വേണ്ടതിലധികം എണ്ണയുണ്ട്,’ ട്രംപ് പറഞ്ഞു.

വ്യോമപ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായ ഇറാനിയൻ ആകാശത്ത് ഇഷ്ടമുള്ള ലക്ഷ്യങ്ങളെ മണ്ണോടുമണ്ണാക്കുന്ന തിരക്കിലാണ് യുഎസ്, ഇസ്രയേൽ വിമാനങ്ങൾ. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മിക്കവാറും നശിപ്പിച്ചു കഴിഞ്ഞുവെങ്കിലും മിസൈൽശേഖരം വേണ്ടത്ര ബാക്കിയുണ്ടെന്ന് ഇറാൻ അധികൃതർ അവകാശപ്പെടുന്നു. ഇതുവരെ ഉപയോഗിച്ചതൊക്കെ പഴയകാലത്തെ മിസൈലുകളാണ്, പുതിയതും കൂടുതൽ പ്രഹരശേഷിയുള്ളതുമായ മിസൈലുകൾ തൊടുക്കാനിരിക്കുന്നേയുള്ളൂവത്രേ. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് തൊടുത്ത സെജ്ജിൽ മിസൈലിനെ അവർ ഉദാഹരിക്കുന്നു. 2,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെവരെ തകർക്കാൻ കഴിയുന്ന ഈ ‘ഡാൻസിങ് മിസൈലി’ന് വ്യോമപ്രതിരോധ സംവിധാനങ്ങളെ ഒഴിഞ്ഞുമുന്നേറാൻ കഴിയും. ടെൽ അവീവിൽ ഈ മിസൈൽ വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടുണ്ട്.

ഏറ്റവും രസകരമായി തോന്നിയത് നിർമിതബുദ്ധി ഉപയോഗിച്ച് മാധ്യമങ്ങളിൽ കുപ്രചാരണം നടത്തുന്നതിൽ ഇറാൻ മാസ്റ്ററാണന്നെ ട്രംപിന്റെ ആരോപണമാണ്. പറയുന്നത് ലോകമാധ്യമങ്ങൾ കൈവെള്ളയിലുള്ള, പ്രതീതി നിർമാണത്തിൽ എതിരാളികളില്ലാത്ത അമേരിക്ക! ആരോപണം സത്യമാണെങ്കിൽ അമേരിക്കയ്ക്ക് ഇതിനെക്കാൾ അപമാനകരമായി മറ്റൊന്നുമില്ല. അല്ലെങ്കിൽ യുദ്ധത്തിൽ അമേരിക്കയുടെ നില അത്രയ്ക്ക് സന്തോഷകരമല്ലെന്നും. നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയതു പോലെ, വേണ്ടത്ര ആലോചിച്ചുറച്ചല്ല ട്രംപ് ഇറാനെ ആക്രമിക്കാൻ ഇറങ്ങിയത്. ഉദ്ദേശിച്ച സമയത്ത് യുദ്ധം അവസാനിപ്പിക്കാനോ, അതിനുള്ള കാരണം കണ്ടുപിടിക്കാനോ അദ്ദേഹത്തിന് ഉടനെയെങ്ങും കഴിയുമെന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!