KSDLIVENEWS

Real news for everyone

കാസര്‍കോട് – മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റ് അനുവദിച്ചു

SHARE THIS ON

കാസര്‍കോട് : കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് മാതൃകയില്‍ യാത്രാ കണ്‍സഷന്‍ സൗകര്യം കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ഏര്‍പ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍ഗോഡ് – മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി.യുടെ ഭരണസമിതി കാസര്‍ഗോഡ് – മംഗലാപുരം റൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി 30% നിരക്കിളവില്‍ സീസണ്‍ ടിക്കറ്റ് നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രകാരം പ്രത്യേക RFID കാര്‍ഡ് നല്‍കും. ഒരു കലണ്ടര്‍ മാസം 20 ദിവസം യാത്ര ചെയ്യാവുന്ന നിരക്കില്‍ 30 ദിവസം യാത്ര അനുവദിക്കുന്ന തരത്തില്‍ 30% നിരക്കിളവ് ആണ് നല്‍കുക. ആദ്യ തവണ മാത്രം കാര്‍ഡ് വിലയായി 100 രൂപ നല്‍കണം. തുടര്‍ന്ന് 100 രൂപ മുതല്‍ 2000 രൂപ വരെ റീ ചാര്‍ജ് ചെയ്യുന്ന വിധത്തിലാണ് കാര്‍ഡ് നല്‍കുന്നത്. ഓരോ യാത്രയുടെ തുകയും 30% ഡിസ്‌കൗണ്ടില്‍ കുറവ് ചെയ്യുന്ന വിധത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഇ.റ്റി.എം.ലും കാര്‍ഡിലും ക്രമീകരിക്കും. വിദ്യാര്‍ത്ഥി RFID കാര്‍ഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാര്‍ത്ഥിയുടെ ഐ.ഡി കാര്‍ഡ് നമ്പരും ഫോട്ടോയും RFID കാര്‍ഡില്‍ രേഖപ്പെടുത്തിയാകും നല്‍കുക. വിദ്യാര്‍ത്ഥികള്‍ അവരുടെ ഐ.ഡി കാര്‍ഡ് കൂടി യാത്രാവേളയില്‍ കൈവശം കരുതണം. RFID കാര്‍ഡുകള്‍ക്ക് യൂണിറ്റ് തലത്തില്‍ അപേക്ഷ സ്വീകരിച്ച്, കാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ ചീഫ് ഓഫീസ് മുഖാന്തിരവും തുടര്‍ന്ന് യൂണിറ്റ് മുഖാന്തിരവുമാണ് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!