യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് പ്രഖ്യാപിച്ചു

അബൂദബി: യു എ ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ 2026-ൽ യാത്രാ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്്യാൻ പദ്ധതി പുരോഗതി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.
അൽ ദന്ന പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ, ദേശീയ റെയിൽവേ ശൃംഖലയുടെ നിർമാണ പുരോഗതിയും യാത്രാ സർവീസിന്റെ വിശദാംശങ്ങളും അവതരിപ്പിച്ചു.
നിലവിൽ പദ്ധതിയുടെ ടെൻഡറുകൾ പുറപ്പെടുവിച്ചതായും ശൃംഖലയുടെ ഡിസൈനുകൾ അംഗീകരിച്ചതായും അധികൃതർ അറിയിച്ചു. അടുത്ത ഘട്ടങ്ങളിൽ പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങും.
അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ഹൈ – സ്പീഡ് ട്രെയിൻ പദ്ധതിയും ഇത്തിഹാദ് റെയിൽ മുന്നോട്ടുവെക്കുന്നു. 350 കി. മീ. വേഗതയിൽ 30 മിനിറ്റിനുള്ളിൽ ഈ യാത്ര പൂർത്തിയാക്കാൻ ഈ തീവണ്ടിക്ക് കഴിയും. യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് പദ്ധതി 145 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതാണ് റൂട്ട്.