ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ചുപറന്നു; ബോംബ് ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം തിരിച്ചുപറന്നു. വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതിന് പിന്നാലെ പുറപ്പെട്ടിടത്തേക്ക് മടങ്ങാനോ അല്ലെങ്കില്‍ സമീപത്തെ സുരക്ഷിതമായ വിമാനത്താവളത്തില്‍ ഇറങ്ങാനോ വിമാനത്തിന് നിര്‍ദേശം നല്‍കിയതായും ഹൈദരാബാദ് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം, പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 പറന്നുയർന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഹൈദരാബാദില്‍ ഇറങ്ങാന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചില്ലെന്നും അതിനാലാണ് വിമാനം തിരിച്ചുപറന്നതെന്നും ലുഫ്താന്‍സയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ എല്‍എച്ച് 752-നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി ലഭിച്ചിരുന്നെന്ന് ഹൈദരാബാദ് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. പിന്നാലെ ഇത് വിലയിരുത്തുന്നതിനായുള്ള സമിതി രൂപവത്കരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി, പുറപ്പെട്ടിടത്തേക്ക് തിരിച്ചുപറക്കാനോ അല്ലെങ്കില്‍ സമീപത്തെ യോജിച്ച വിമാനത്താവളത്തില്‍ ഇറങ്ങാനോ നിര്‍ദേശിക്കുകയായിരുന്നെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിമാനം ഇന്ത്യയുടെ വ്യോമപരിധിക്ക് പുറത്തായിരിക്കുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ജൂണ്‍ പതിമൂന്നാം തീയതി തായ്ലന്‍ഡിലെ ഫുക്കേറ്റില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം-എഐ 379 ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നിരുന്നു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.