അഹമ്മദാബാദ് വിമാനദുരന്ത ദൃശ്യം പകർത്തിയ ആര്യന് മാധ്യമവിലക്ക്; നാട്ടിലേക്ക് പറഞ്ഞുവിട്ടു

അഹമ്മദാബാദ്: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വീഡിയോ ചിത്രീകരിച്ച ആര്യൻ അസാരിക്ക് മാധ്യമങ്ങളെ കാണുന്നതിന് വിലക്ക്. പോലീസിനുമുന്നിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളെ കാണരുതെന്ന് നിർദേശിച്ചത്. ആര്യനെ നാട്ടിലേക്ക് പറഞ്ഞുവിട്ടതായി ഇദ്ദേഹത്തിന്റെ സമീപവാസികൾ പറഞ്ഞു.
ആര്യൻ പകർത്തിയ വീഡിയോ സാമൂഹികമാധ്യമത്തിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനത്തിന്റെ അവസാനനിമിഷങ്ങൾ പകർത്തിയത് തുടരന്വേഷണത്തിൽ ഒരു പ്രധാന തെളിവായി മാറുകയും ചെയ്തു. ഫോണിൽ ചിത്രീകരണം തുടങ്ങി 24 സെക്കൻഡിൽ, അഹമ്മദാബാദ്-ലണ്ടൻ വിമാനം ഗതിമാറി അടുത്തുള്ള മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും തീപിടിക്കുകയും ചെയ്തു.
“ദൃശ്യം പകർത്തി 24 സെക്കൻഡിനുള്ളിൽ വിമാനം തകർന്നുവീണു. എനിക്ക് ഭയംതോന്നി. വീഡിയോ ആദ്യം കണ്ടത് സഹോദരിയാണ്, പിന്നീട് പിതാവിനെ അറിയിച്ചു. വിമാനം തകരുമെന്ന് എനിക്ക് അറിയില്ലായിരുന്നു” -ആര്യൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
അപകടം നടന്ന ദിവസം 12.30-നാണ് ഓംകാർനഗറിലെ കെട്ടിടത്തിൽ ആര്യൻ മുറിയെടുത്തത്. അവിടെവെച്ച് സഹോദരിയെയും അച്ഛനെയും കാണിക്കാൻ പകർത്തിയ കാഴ്ചയാണ് ലോകത്തെ ഞെട്ടിച്ചത്. ആരവല്ലി ജില്ലയിലെ സമാലാജി ഗ്രാമമാണ് സ്വദേശം. വിമാനം കത്തുന്നതു കണ്ട ആര്യൻ അഹമ്മദാബാദ് മെട്രോയിൽ ജോലിചെയ്യുന്ന, വിരമിച്ച സൈനികനായ പിതാവിനെ വിളിച്ചുപറഞ്ഞു. മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷം ആര്യൻ ഓംകാർനഗറിലേക്ക് മടങ്ങിയെത്തിയില്ല. ജനശ്രദ്ധയിൽനിന്ന് രക്ഷപ്പെടാൻ ഗ്രാമത്തിലേക്കു പോയതായി അയൽവാസികൾ പറഞ്ഞു.