ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മണ്ണും മരവും വീണു, ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ധര്‍മ്മത്തടുക്ക തലമുഗറില്‍

കാസർകോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മണ്ണും മരവും വീണു. ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബാഡൂർ ധർമ്മത്തടുക്ക തലമുഗറിലാണ് അപകടം. തലമുഗർ സ്വദേശി ഹാരിസാണ് അൽഭുതകരമായി രക്ഷപ്പെട്ടത്. ഹാരിസ് വീട്ടിൽ നിന്നും വരുന്നതിനിടെ തലമുഗറിലെ കുന്ന് ഇടിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. ഒപ്പം മരവും മണ്ണും ഹാരിസിൻറെ കാറിന് മുകളിൽ വീണു. പെട്ടെന്ന് തന്നെ കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടാനായി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് കാർ പുറത്തെടുത്തു. മണ്ണിടിഞ്ഞ സ്ഥലത്തിന് താഴെ നാലോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുന്നിടിഞ്ഞതോടെ ഇവരും ഭീതിയിലാണ്. കുന്നിടിഞ്ഞ വിവരം അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.