കോണ്‍ഗ്രസിന്റെ മോശം കാലം കഴിഞ്ഞു; 2026-ല്‍ ഭരണവും 25-ല്‍ തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫ് പിടിച്ചെടുക്കണം: കെ.സി

സുല്‍ത്താന്‍ബത്തേരി: രാജ്യത്ത് വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാളുകളാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന കെ.പി.സി.സി. ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
കോണ്‍ഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവര്‍ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തെ രക്ഷിക്കണം, 2026-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍, 2025-ല്‍ തദ്ദേശസ്ഥാപനങ്ങള്‍ പിടിച്ചടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്നിവിടെ കൂടിയത്. വരാനിരിക്കുന്ന കോണ്‍ഗ്രസിന്റെ നല്ലനാളുകള്‍ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിട്ടുപോയവരെ ജനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈകാര്യംചെയ്തു. ഏതുവിധേനയും രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തണം, ഭരണഘടനയെന്ന ആത്മാവിനെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കാന്‍ പാടില്ല, മരണംവരെയായാലും ആ പോരാട്ടത്തില്‍ ഒരിഞ്ച് പിന്നോട്ടുപോവില്ലെന്ന് കോണ്‍ഗ്രസ് നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിച്ചു. അതിന് കോണ്‍ഗ്രസ് ഒരുപാട് വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രസംഗത്തില്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം പ്രശംസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയത്തിന് ഏറ്റവും നല്ല രീതിയില്‍ ചുക്കാന്‍ പിടിച്ച് പ്രവര്‍ത്തിച്ച നേതാവാണ് ചെന്നിത്തലയെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പരാമര്‍ശം.

