കൊല്ലത്ത് നവവരനും ബന്ധുക്കള്‍ക്കും കോവിഡ്; വിവാഹത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍
കൊല്ലം: പത്തനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. ആകെ 48 പേരാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് കണ്‍ടെയിന്‍മെന്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
അതിനിടെ തെന്‍മല പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ചിട്ടു. അണുവിമുക്തമാക്കാനാണ് അടച്ചിട്ടത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ഏഴ് മണിക്ക് ശേഷം തുറന്ന കട അടപ്പിക്കാന്‍ ഈ പൊലീസുകാരന്‍ പോയിരുന്നു. ഈ കടയുടമയ്ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.