കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബവിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫീസുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം രാജ്യത്തെ ആറു ഗവര്‍ണറേറ്റിലെയും റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വിദേശികള്‍ക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 22 വിസയാണ് നിര്‍ത്തിയത്. ഡോക്ടര്‍മാര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ഇതിനോടകം വിസ ലഭിച്ചു കഴിഞ്ഞവര്‍ക്ക് കുടുംബത്തെകൊണ്ട് വരുന്നതിനും തടസമുണ്ടാകില്ല. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കുടുംബ സന്ദര്‍ശകര്‍ക്കുള്ള വിസ വിതരണം കഴിഞ്ഞ ജൂണില്‍ നിര്‍ത്തിയിരുന്നു. താത്കാലികമാണെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇത് പുനരാരംഭിച്ചിട്ടില്ല. കുടുംബസന്ദര്‍ശനവിസയില്‍ എത്തിയ ഇരുപതിനായിരത്തോളം വിദേശികള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ കുടുംബങ്ങള്‍ക്കായുള്ള ആശ്രിത വിസയും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിയിരിക്കുന്നത്

