KSDLIVENEWS

Real news for everyone

പോരാളി ഷാജി ആണോ ഇടതുപക്ഷം? കാഫിർ സ്ക്രീൻഷോട്ടിന്റെ ഉത്ഭവം പുറത്തുവരട്ടെ- എംവി ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: കെ.കെ. ശൈലജ മുസ്ലീംവിരോധിയാണെന്ന് ആദ്യം മുതൽതന്നെ വടകരയിൽ യുഡിഎഫ് പ്രചാരണം നടത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചുകൊണ്ടായിരുന്നു വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന്റെ പ്രചാരണം ആരംഭിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന്റെ രീതി യു.ഡി.എഫ് പ്രഖ്യാപിച്ചെന്നും ഇത് വ്യക്തമാക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.
മുസ്ലീം സമുദായം മുഴുവൻ തീവ്രവാദികളാണെന്ന് ശൈലജ പറഞ്ഞു എന്നതായിരുന്നു വടകരയിലെ പ്രധാന പ്രചാരണം. പ്രവാചകൻ തെറ്റായ രീതികളെ പ്രചരിപ്പിച്ചുവെന്ന് ശൈലജ പറഞ്ഞുവെന്നാണ് മറ്റൊന്ന്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആർഎസ്എസിന്റെ നിലപാടാണ് ശൈലജയ്ക്ക് ഉള്ളത് എന്നും പ്രചരിപ്പിച്ചു. കാന്തപുരം എ.പി.ആബൂബക്കർ മുസ്ല്യാരുടെ ലെറ്റർപാഡ് വ്യാജമായി ഉണ്ടാക്കിയും ശൈലജക്കെതിരെ പ്രചാരണം നടത്തി, ഗോവിന്ദൻ ആരോപിച്ചു.

കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയം പാർട്ടി വിശദമായി വിശകലനം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രാഷ്ട്രീയ ചരിത്രത്തിൽ കാണാത്ത ചില പ്രവണതകൾ നവമാധ്യമങ്ങളിലൂടെ നടന്നു. എല്ലാം ചെയ്തതിന് പിന്നിൽ യുഡിഎഫിന്റെ പ്രേരണയുണ്ട്. വടകരയിൽ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യണം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാ​ഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് ഇതിലേക്കെല്ലാം നയിച്ചത്. ന്യൂമാഹിയിലെ ചില ലീ​ഗ് പ്രവർത്തകരാണ് ഇതിന്റെയെല്ലാം പിന്നിലെന്നും ​ഗോവിന്ദൻ ആരോപിച്ചു.

നവമാധ്യമങ്ങളൂടെയുള്ള കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടുക എന്നത് ജനാധിപത്യസമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാനമാണെന്ന് ​അദ്ദേഹം പറഞ്ഞു. കാഫിർ പരാമർശത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫ് ആണ്. സംശയത്തിന്റെ മുൾമുനയിൽ ആളുകളെ നിർത്താതെ യഥാർഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. പോലീസ് അന്വേഷിക്കട്ടെ. അന്വേഷണം പൂർത്തിയാകട്ടെ. സ്ക്രീൻഷോട്ടിന്റെ ഉത്ഭവം എവിടെയാണെന്ന് പുറത്തുവരട്ടെ- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത കെ.കെ.ലതികയെ ഗോവിന്ദൻ ന്യായീകരിച്ചു. കെ.കെ. ലതിക സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് ഇത്തരമൊരു ആശയം പ്രചരിപ്പിക്കാനല്ല. സ്ക്രീൻ ഷോട്ടിലുള്ള കാര്യം നാടിന് ആപത്താണെന്ന് സൂചിപ്പിക്കുകയാണ് അവർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ ലതിക ചെയ്തത് തെറ്റാണെന്ന് പറഞ്ഞ കെ.കെ.ശൈലജയെ ഗോവിന്ദൻ തള്ളുകയും ചെയ്തു. ഈ വിഷയത്തിൽ ഇതാണ് പാർട്ടിനിലപാട്. വ്യക്തികൾ പറയുന്നത് അല്ല, പാർട്ടി പറയുന്നതാണ് നിലപാട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടി അനുകൂല സൈബർ കേന്ദ്രങ്ങളേയും ഗോവിന്ദൻ തള്ളിപ്പറഞ്ഞു. സിപിഎമ്മിന്റെത് അല്ലാത്ത സിപിഎമ്മിന്റെ പേര് ഉപയോഗിക്കുന്ന നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതിൽ ഒന്നാണ് പോരാളി ഷാജി. പോരാളി ഉണ്ടോ ഷാജി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. പോരാളി ഷാജി ആണോ ഇടതുപക്ഷം. ഇവയ്ക്കൊന്നും പാർട്ടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. സൈബർ പോരാളികൾ വേറെ വിഭാഗമാണെന്നും ഞങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!