KSDLIVENEWS

Real news for everyone

വനിതാ ഡോക്ടറുടെ കൊലപാതകം, നാളെ സംസ്ഥാനത്ത് ‌ഡോക്ടര്‍മാര്‍ പണിമുടക്കും, ആശുപത്രികളുടെ സേവനം സ്തംഭിച്ചേക്കും

SHARE THIS ON

തിരുവനന്തപുരം: കൊല്‍ക്കത്ത ആർ.ജി കർ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടറെ പീഡിപ്പിച്ച്‌ കൊന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നാളെ പണിമുടക്കും.

നാളെ രാവിലെ 6 മുതല്‍ ഞായർ രാവിലെ 6 വരെയാണ് സമരം. ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തില്‍ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എയും കെ.ജി.എം.ഒ.എയും കേരള ഗവ. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ഇന്ത്യൻ ഡെന്റല്‍ അസോസിയേഷനും പങ്കെടുക്കും. അവശ്യ സർവീസുകളൊഴികെ, ഒ.പിയടക്കം മറ്റ് സേവനങ്ങളില്‍ നിന്നാണ് ഡോക്ടർമാർ വിട്ടുനില്‍ക്കുക. മാറ്റിവയ്ക്കാവുന്ന ശസ്ത്രകിയകളും നടക്കില്ല

അതേസമയം പി.ജി ഡോക്ടർമാരുടെയും റസിഡന്റ് ഡോക്ടർമാരുടെയും എം.ബി.ബി.എസ് വിദ്യാർത്ഥികളുടെയും സംഘടനകള്‍ ഒ.പി ബഹിഷ്കരിച്ച്‌ ഇന്ന് മുതല്‍ സമരം ആരംഭിച്ചിരുന്നു. ഇതോടെ, ആശുപത്രികളിലെത്തിയ രോഗികള്‍ വലഞ്ഞു.അത്യാഹിത വിഭാഗവും ഐ.സി.യുവും ലേബർ റൂമും ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുക്കുമെന്നതിനാല്‍ ആശുപത്രി സേവനം പൂർണമായും സ്തംഭിച്ചേക്കും.

അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും ലഭ്യമാക്കും. വയനാട് ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കി. അതേസമയം വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാവും ഡ്യൂട്ടിക്കെത്തുക. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും നാളെ പണിമുടക്കില്ലെന്ന് കേരളാ ഗവ. നഴ്സസ് യൂണിയൻ അറിയിച്ചു. നാളെ കരിദിനമായി ആചരിക്കും

.
കൊല്‍ക്കത്തയിലെ ക്രൂരമായ കൊലപാതകത്തിനും, ഇതില്‍ പ്രതിഷേധിച്ച വിദ്യാർഥികള്‍ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നടപടിയെടുക്കാത്തതിനുമെതിരെയാണ് സമരമെന്ന് ഐ.എം.എ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പ്രവർത്തിക്കാൻ പഴുതടഞ്ഞ സുരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!