സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ;
സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍ രാജ്യസഭക്കു പിന്നാലെ ലോക്സഭയും പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, ആര്.എസ്.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിെന്റ മേല്‍നോട്ടത്തിനു കീഴില്‍ കൊണ്ടുവരുന്നതാണ് നിയമഭേദഗതി.
ജൂണില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് പകരമുള്ളതാണ് ബില്‍. ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സ് ഇറക്കുന്നത് പാര്‍ലമെന്റിെന്റ അവകാശ അധികാരങ്ങളെ അവമതിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്ക്, ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാത്ത പ്രാഥമിക സഹകരണ സംഘങ്ങളും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളും ബില്ലിെന്റ പരിധിയില്‍ വരുന്നില്ല. സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും നിയമഭേദഗതി ബാധകമാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സഹകരണ സംഘങ്ങളാണ് റിസര്‍വ് ബാങ്കിെന്റ മേല്നോട്ടത്തിലാവുക.
സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇക്കാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിയുമെന്നും, അതില്‍ ഇടപെടുകയാണ് കേന്ദ്രമെന്നും ഡി.എം.കെയിലെ സെന്തില്‍കുമാര്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന് അധികഭാരം നല്കുന്നതുമാണ് നിയമഭേദഗതി.
മല്യമാരുടെയും മോദിമാരുടെയും കിട്ടാക്കടം ഈടാക്കാന്‍ താല്പര്യമില്ലാത്ത കേന്ദ്രം സഹകരണ ബാങ്കുകള്‍ക്കുമേല്‍ കുതിര കയറുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയിയും ഡി.എം.കെ അംഗത്തെ പിന്തുണച്ചു. റിസര്‍വ് ബാങ്ക് മെച്ചപ്പെട്ട മേല്‍നോട്ടമല്ല നിര്‍വഹിക്കുന്നതെന്ന് യെസ് ബാങ്ക് സംഭവവും ഒടുവില്‍ വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.കെ. പ്രേമചന്ദ്രന്, എ.എം. ആരിഫ് എന്നിവരും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു. ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശം തകര്‍ക്കുന്നതാണ് നിയമഭേദഗതിയെന്ന് പ്രേമചന്ദ്രന് പറഞ്ഞു.

