KSDLIVENEWS

Real news for everyone

റൈസിങ് കാസർകോട്’; നിക്ഷേപകർ വരും, ഈ കുഴികൾ മൂടുമോ!: നിക്ഷേപകരെ കാത്തിരിക്കുന്നത് ഭീമൻ കുഴികൾ

SHARE THIS ON

കാസർകോട്: ‘റൈസിങ് കാസർകോട്’ നിക്ഷേപക സംഗമത്തിനെത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള നിക്ഷേപകരെ നഗരമധ്യത്തിലെ റോഡുകളിൽ കാത്തിരിക്കുന്നത് ഭീമൻ കുഴികൾ. ചന്ദ്രഗിരിപ്പാലം റോഡിലും എംജി റോഡ് ആനബാഗിലു ജംക്‌ഷനിലുമാണ് ഭീമൻ കുഴികൾ അപകടമൊരുക്കുന്നത്. മഴയിൽ വെള്ളം നിറഞ്ഞാൽ ആഴം പോലും തിരിച്ചറിയാനാകാത്ത വിധമാണ് കുഴികൾ. ആനബാഗിലു ജംക്‌ഷനിലെ കുഴിയിൽ ഇരു ചക്രവാഹനങ്ങളടക്കം വീണ് അപകടം സംഭവിച്ചു. വാഹനങ്ങൾ ഇവിടെ കുഴി വെട്ടിക്കുമ്പോൾ പിറകിലെ വാഹനങ്ങൾ വന്ന് ഇടിക്കാനും സാധ്യതയുണ്ട്. ചന്ദ്രഗിരിപ്പാലം വഴി പോകുന്ന റോഡിൽ നിറയെ കുഴികളുണ്ട്, ഒപ്പം സമീപത്തെ മണ്ണിടിയാനും സാധ്യതയുണ്ട്. പുലിക്കുന്ന് ജംക‍്ഷനടുത്തെ 3 കുഴികളാണ് അപകടക്കെണിയായത്. ചന്ദ്രിഗിരിപ്പാലത്തിന്റെയും ചന്ദ്രഗിരി ജംക‍്ഷന്റെയും ഇടയിൽ ഇന്റർലോക്ക് ചെയ്ത ഭാഗം അവസാനിക്കുന്നിടത്തും അവിടെ നിന്നു പാലത്തിലേക്കു പോകുന്ന ഭാഗത്ത്  5 മീറ്റർ അകലെയുമാണ്  കുഴികൾ ഉള്ളത്. കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇന്റർലോക്ക് ചെയ്ത ഭാഗത്തൂടെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കുഴികാണാതെ വീഴുന്നുണ്ട്. കഴി‍ഞ്ഞദിവസം സ്കൂട്ടർ യാത്രക്കാരായ ഒരു സ്ത്രീയും കുട്ടിയും കുഴിയിൽ വീണിരുന്നുവെങ്കിലും ബസിനടിയിൽപ്പെട്ടു പോകാത്തതു ഭാഗ്യം കൊണ്ടു മാത്രമാണ്. നന്നാക്കാൻ ആവശ്യപ്പെട്ട കുഴികൾ മഴയ്ക്കു മുൻപേ ചെറിയ കുഴികൾ മാത്രമായിരുന്നു ഇവയെല്ലാം. ഇതു നന്നാക്കണം എന്ന ആവശ്യം  ഒട്ടേറെ സംഘടനകളും ഡ്രൈവർമാരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, നന്നാക്കാത്തതിനാൽ കുഴിയുടെ വലുപ്പം  ഇപ്പോൾ കൂടി. കുഴികൾ നന്നാക്കിയില്ലെങ്കിൽ വൻ അപകടമാണ് ഇവിടെയുണ്ടാവുക. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ദീർഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് കുഴികൾ ഏറെ പ്രയാസപ്പെടുത്തുന്നത്. ഇതിനു പുറമേ ചന്ദ്രഗിരി ഓൾഡ് പ്രസ് ക്ലബ് ജംക‍്ഷനിലും കുഴിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!