കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്കി.
എന്നാല്‍ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം ഓര്‍മ്മിപ്പിച്ച് റോജി.എം.ജോണാണ്. സുജിത്തും വര്‍ഗിസും നിയമപോരാട്ടം നടത്തിയെന്നും ആഭ്യന്തരവകുപ്പ് എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷം ചോദിച്ചു. സ്ഥലം മാറ്റം എന്നത് പണിഷ്മെന്റ് ആണോ. ക്രൂരമായ മര്‍ദനത്തിന്റെ വിഡിയോ കേരളം കണ്ടതിന്റെ ജാള്യത മറക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും റോജി എം. ജോണ്‍ പറഞ്ഞു.
‘പേരൂര്‍ക്കട വ്യാജമാല മോഷണക്കേസില്‍ ബിന്ദുവിന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏല്ക്കുന്ന തരത്തിലാണ് പോലീസ് ഇടപെട്ടത്. 20 മണിക്കൂറില്‍ അധികം ബിന്ദുവിനെ മാനസികമായി പോലീസ് പീഡിപ്പിച്ചു.
വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്ന് എടുത്തു നല്കി. ചിറയിന്‍കീഴ് കേസില്‍ മുളകുപൊടി സ്പ്രേ അടിച്ചു. എല്ലാം പഴയ കഥയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്നു. ആരാണ് ഇതിന് അനുമതി നല്‍കിയത്. ഡിവൈഎസ്പി മധുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു,’ റോജി.എം.ജോണ്‍ പറഞ്ഞു.