KSDLIVENEWS

Real news for everyone

വീണ്ടും അമീബിക് മസ്തിഷ്കജ്വരം: രോ​ഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന് 

SHARE THIS ON

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്.

അമീബിക് മസ്തിഷ്കജ്വരം

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

രോഗം പ്രതിരോധിക്കാം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക
കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.
നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!