ഗസ്സായിലെ കുട്ടികള്‍ക്കും ഫലസ്തീനുമൊപ്പം; ലീലാവതി ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി പി രാജീവ്

കൊച്ചി: ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് പ്രൊഫ. എം ലീലാവതിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണെന്ന് മന്ത്രി പി രാജീവ്.
‘ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഗസ്സായിലെ കുട്ടികള്‍ക്കൊപ്പവും ഫലസ്തീനൊപ്പവും നിലകൊള്ളുന്നു.’ ലീലാവതി ടീച്ചറെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മന്ത്രി എഫ് ബിയില്‍ കുറിച്ചു.
മന്ത്രിയുടെ എഫ് ബി കുറിപ്പ്:
മലയാളത്തിന്റെ സാഹിത്യ കുലപതിമാരിലൊരാളാണ് ലീലാവതി ടീച്ചര്‍. ടീച്ചര്‍ ഒരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ആ വിഷയത്തിന്റെ പ്രാധാന്യവും സമൂഹത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ഗൗരവവുമാണ് മലയാളികള്‍ ചിന്തിക്കുക. എന്നാല്‍ ഗാസയിലെ കുട്ടികള്‍ക്കായി ടീച്ചര്‍ നടത്തിയ പ്രതികരണത്തില്‍ ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ഒരു കൂട്ടര് തുനിഞ്ഞിരിക്കുന്നു എന്നത് അത്യന്തം ഗൗരവം നിറഞ്ഞ കാര്യമാണ്. ഇത്തരക്കാര്‍ മലയാളത്തിനോ സമുന്നതമായ മൂല്യം പുലര്‍ത്തുന്ന നമ്മള് മലയാളികള്‍ക്കോ യാതൊരു ഗുണവും നല്‍കുന്നില്ലെന്ന് മാത്രമല്ല സമൂഹത്തെയാകെ പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുകയുമാണ്. വിഷയത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. ടീച്ചര്‍ക്ക് ഈ പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം കൂടി പ്രകടിപ്പിക്കുന്നു. ഗാസയിലെ കുട്ടികള്‍ക്കൊപ്പവും പലസ്തീനൊപ്പവും നിലകൊള്ളുന്നു.