KSDLIVENEWS

Real news for everyone

ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം: അച്ഛന്‍ തള്ളിയിട്ടതാണെന്ന് അമ്മയുടെ മൊഴി

SHARE THIS ON

പാനൂർ: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.

തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അധ്യാപികയുമായ സോന (25) യും മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മകൾ മരിച്ച വിവരം സോനയെ അറിയിച്ചിട്ടില്ല.

പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പോലീസ് അടുത്ത വീട്ടിലേക്ക് മാറ്റി.

സോനയുടെ ഭർത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കതിരൂർ, പാനൂർ പോലീസ്, കൂത്തുപറമ്പ്, പാനൂർ അഗ്നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനൻ എം.എൽ.എ. തുടങ്ങിയവർ സ്ഥലത്തെത്തി. ഭർത്താവിന്റെ പേരിൽ കൊലപാതകത്തിന് കേസെടുത്തതായി കതിരൂർ പോലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!