അപ്രതീക്ഷിത പേമാരിയില്‍ വിറങ്ങലിച്ച് കേരളം: 9 മരണം, ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി

തിരുവനന്തപുരം: മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കൻജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള വൻനാശനഷ്ടങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപതോളം പേരെ കാണാതായി.

കോട്ടയം
മഴക്കെടുതിയിൽ വൻദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കൻമേഖല വെള്ളത്തിലായി. കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പ്ലാപ്പള്ളിയിൽ കാണാതായവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പിൽ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലിൽ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

വ്യോമസേനയുടെ ഉൾപ്പെടെയുള്ള സഹായം കൂട്ടിക്കൽ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവർത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ സഹകരണവകുപ്പു മന്ത്രി വി.എൻ. വാസവൻ സ്ഥലത്തെത്തി. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.
ഇടുക്കി
കോട്ടയം-ഇടുക്കി അതിർത്തിയിലെ കൊക്കയാറിലും ഉരുൾപൊട്ടലുണ്ടായി. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ ഉരുൾപൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. അഞ്ച് വീടുകൾ ഒഴുകിപ്പോയി.
ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാർഡ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. എത്ര പേർ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റോഡുകൾ പൂർണമായും തകർന്നതിനാൽ ഈ മേഖല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവർത്തകരായ യുവതിയും യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ നിഖിൽ, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുമാണ് മരിച്ചത്.
ജില്ലയിൽ ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്.

തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ തെക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 370 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കരമനയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയിൽ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്.
പത്തനംതിട്ട
വെള്ളപ്പൊക്കം മണ്ണിടിച്ചിൽ സാധ്യതകളെ തുടർന്ന് ശബരിമലയിലേക്ക് തീർഥാടകരെ പ്രവേശിപ്പിക്കില്ല. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തീർത്ഥാടകർക്ക് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യം- മുഖ്യമന്ത്രി
സംസ്ഥാനത്ത് ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.
കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജാഗ്രത പുലർത്തണം. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

