KSDLIVENEWS

Real news for everyone

ഗാസ അതിര്‍ത്തിയില്‍ വൻ യുദ്ധസന്നാഹം; ഇസ്രയേൽ കൂട്ടക്കുരിതിയിൽ ഗാസയിൽ മരണം 2329 ആയി: ലോക രാജ്യങ്ങൾ പ്രതിഷേധിക്കുന്നു

SHARE THIS ON

ഗാസ സിറ്റി: ഇസ്രായേല്‍- ഹമാസ് യുദ്ധം എട്ടാം ദിനത്തിലേക്ക് കടന്നതോടെ ഗസ്സയില്‍ മരണസംഖ്യ 2329 ആയി. അതിനിടെ ഗസ്സ അതിര്‍ത്തിയില്‍ കൂടുതല്‍ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളുമായി ഇസ്രായേല്‍ സൈന്യം വൻ യുദ്ധസന്നാഹത്തിലാണ്.

തെല്‍ അവീവിന് നേരെ ഹമാസ് മിസൈല്‍ ആക്രമണം നടത്തി. അതേ സമയം ഗസ്സയിലെ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും എത്തിക്കണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലായം അഭ്യര്‍ത്ഥിച്ചു. പ്രദേശത്തു നിന്ന്‌ ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ റഫയിലെ കുവൈത്ത് ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കാനുള്ള നിര്‍ദേശം അധികൃതര്‍ തള്ളി.

ജനതയെ പുറന്തള്ളുകയും ഫലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേല്‍ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം മാത്രമാണ് പരിഹാരമെന്നും ഫലസ്തീൻ ഭാവി ചര്‍ച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്നും ഈജിപ്ത് പറഞ്ഞു.

ഗസ്സയ്ക്ക് മേല്‍ ഇസ്രായേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം വൈകിയേക്കുമെന്നാണ് സൂചന. ഗസ്സ മുമ്ബനില്‍ കാലാവസ്ഥ അതിരൂക്ഷമായതിനാല്‍ ഇവിടെ യുദ്ധത്തിന് നിലവില്‍ വെല്ലുവിളികളേറെയാണെന്നാണ് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തയാഴ്ചയോടെയാവും കരമാര്‍ഗ്ഗവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തുക.

ഒന്നരവര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗസ്സയില്‍ ശത്രുക്കള്‍ക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കരയുദ്ധം വൈകുന്നത് ഫലസ്തീനികള്‍ക്ക് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. വടക്കൻ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ മുഴുവൻ പലായനം ചെയ്തതിന് ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്രായേലി പ്രതിരോധ സേനയെ ഉദ്ധരിച്ച്‌ സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ ഇതിനോടകം തന്നെ ഗസ്സ ജനതയ്ക്ക് ആവശ്യത്തിലധികം സമയം അനുവദിച്ചുവെന്നും അതവര്‍ മനസ്സിലാക്കണമെന്നുമാണ് ഇസ്രായേലി ലെഫ്.കേണല്‍ ജൊനാഥൻ കോര്‍ണിക്കസിനെ ഉദ്ധരിച്ച്‌ സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

“ഇതാണ് ജനങ്ങള്‍ക്ക് വടക്കൻ ഗസ്സയില്‍ നിന്ന് പലായനം ചെയ്യാൻ ഉചിതമായ സമയം. കയ്യില്‍ കൊള്ളുന്ന അവശ്യ വസ്തുക്കളെടുക്കുക, തെക്കൻ ഗസ്സയിലേക്ക് പോവുക. ഹമാസ് ഒരുക്കുന്ന കെണിയില്‍ വീഴരുത്”. കോര്‍ണിക്കസ് അറിയിച്ചു.

എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഫലസ്തീനികളെ ഈജിപ്ഷ്യൻ സേന തടയുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. റഫാ അതിര്‍ത്തി കോണ്‍ക്രീറ്റ് മതിലുകള്‍ കൊണ്ട് മറച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

അതേസമയം ഗസ്സയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം തുടരുമ്ബോഴും പലായനത്തിന് രണ്ട് റോഡുകള്‍ സുരക്ഷിതമാണെന്നും ഇതുവഴി ഫലസ്തീനികള്‍ക്ക് രക്ഷപെടാമെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഗസ്സയില്‍ നിന്നുള്ള ഹമാസ് ആക്രമണം മുൻനിര്‍ത്തി ഗസ്സയോട് ചേര്‍ന്ന ഇസ്രായേല്‍ പ്രദേശമായ സിദ്‌റത്തില്‍ നിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!