മോര്‍ച്ചറികള്‍ നിറഞ്ഞു; ഗസ്സയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് ഐസ്ക്രീം വാനുകളില്‍

ഗാസസിറ്റി: ഇസ്രായേല്‍- ഹമാസ് യുദ്ധം എട്ടാം ദിനത്തിലേക്ക് കടന്നതോടെ ഗസ്സയില്‍ മരണസംഖ്യ 2329 കടന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗസ്സയിലെ പല ആശുപത്രി മോര്‍ച്ചറികളും.
വടക്കന്‍ ഗസ്സയിലെ പല ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങള്‍ കുറവാണ്. പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവയെല്ലാം. ആക്രമണം കനപ്പിക്കുന്നതിന്റെ ഭാഗമായി ഫലസ്തീനികള്‍ വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിയണമെന്ന ഇസ്രായേലിന്റെ അന്ത്യശാസന എത്തിയതോടെ ഭീതിയിലാണിപ്പോള്‍ പ്രദേശ വാസികള്‍. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാല്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവരെ അടക്കം ആശുപത്രികളില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വരും.
വടക്കന്‍ ഗസ്സാ മുനമ്ബിലെ ആശുപത്രികളില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് സമാനമാണെന്ന് നേരത്തേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഗസ്സയില്‍ നിന്ന് മറ്റു ചില ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞതിനാല്‍ ഗസ്സയിലെ പല ആശുപത്രികളിലും മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിപ്പോള്‍ ഐസ്ക്രീം വാനുകളിലാണ്.
ദെയ്റുല്‍ ബലാഹിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ അതില്‍ കൂടുതല്‍ ആളുകളെ കൊള്ളുന്നില്ലെന്നും ഐസ്ക്രീം വാഹനങ്ങളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അല്‍ അവ്ദാ ഫാക്ടറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ ഐസ്ക്രീം വാഹനങ്ങള്‍ എത്തിക്കുന്നത്.
ഗസ്സയ്ക്ക് മേല്‍ ഇസ്രായേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം വൈകിയേക്കുമെന്നാണ് സൂചന. ഗസ്സ മുമ്ബനില് കാലാവസ്ഥ അതിരൂക്ഷമായതിനാല്‍ ഇവിടെ യുദ്ധത്തിന് നിലവില്‍ വെല്ലുവിളികളേറെയാണെന്നാണ് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തയാഴ്ചയോടെയാവും കരമാര്‍ഗ്ഗവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തുക.
ഒന്നരവര്‍ഷത്തോളം നീണ്ടു നില്ക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേല്‍ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗസ്സയില്‍ ശത്രുക്കള്‍ക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കരയുദ്ധം വൈകുന്നത് ഫലസ്തീനികള്‍ക്ക് ഗസ്സയില്‍ നിന്ന് പലായനം ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. വടക്കൻ ഗസ്സയില്‍ നിന്ന് ജനങ്ങള്‍ മുഴുവൻ പലായനം ചെയ്തതിന് ശേഷമേ യുദ്ധം ആരംഭിക്കൂവെന്ന് ഇസ്രായേലി പ്രതിരോധ സേനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ ഇതിനോടകം തന്നെ ഗസ്സ ജനതയ്ക്ക് ആവശ്യത്തിലധികം സമയം അനുവദിച്ചുവെന്നും അതവര് മനസ്സിലാക്കണമെന്നുമാണ് ഇസ്രായേലി ലെഫ്.കേണല്‍ ജൊനാഥൻ കോര്‍ണിക്കസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
“ഇതാണ് ജനങ്ങള്‍ക്ക് വടക്കൻ ഗസ്സയില്‍ നിന്ന് പലായനം ചെയ്യാൻ ഉചിതമായ സമയം. കയ്യില്‍ കൊള്ളുന്ന അവശ്യ വസ്തുക്കളെടുക്കുക, തെക്കൻ ഗസ്സയിലേക്ക് പോവുക. ഹമാസ് ഒരുക്കുന്ന കെണിയില്‍ വീഴരുത്”. കോര്‍ണിക്കസ് അറിയിച്ചു.
എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഫലസ്തീനികളെ ഈജിപ്ഷ്യൻ സേന തടയുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. റഫാ അതിര്‍ത്തി കോണ്‍ക്രീറ്റ് മതിലുകള്‍ കൊണ്ട് മറച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
അതേസമയം ഗസ്സയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 70 പേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം തുടരുമ്ബോഴും പലായനത്തിന് രണ്ട് റോഡുകള്‍ സുരക്ഷിതമാണെന്നും ഇതുവഴി ഫലസ്തീനികള്‍ക്ക് രക്ഷപെടാമെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഗസ്സയില്‍ നിന്നുള്ള ഹമാസ് ആക്രമണം മുൻനിര്‍ത്തി ഗസ്സയോട് ചേര്‍ന്ന ഇസ്രായേല്‍ പ്രദേശമായ സിദ്റത്തില്‍ നിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.

