കുട്ടികൾ കൂട്ടുകാരോട് പറയുന്നു, കരുതൽ വേണം; ‘കരുതൽ’ ഹ്രസ്വചിത്രം പുറത്തിറങ്ങി

ചെറുവത്തൂർ: നോ പറയേണ്ടിടത്ത് നോ പറയണം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന സന്ദേശമുയർത്തി ‘കരുതൽ’ ഹ്രസ്വചിത്രം പുറത്തിറങ്ങി. പൊതാവൂർ എ.യു.പി സ്കൂളാണ് ചിത്രമൊരുക്കിയത്. പല കോണുകളിൽനിന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾ തന്നെയാണ് ഹ്രസ്വ ചിത്രം എന്ന ആശയം മുന്നോട്ട് വച്ചത്. ചലച്ചിത്ര പ്രവർത്തകനുമായ രജീഷ് ആർ. പൊതാവൂർ പൂർണ പിന്തുണ നൽകി. മൂന്നു മിനുട്ടുള്ള ചിത്രത്തിൽ എസ്. ഹൃദ്യ, സ്വാതി, അമേയ രമേശൻ, ആദിദർശ്, ആർ.ബി. ഋഷികേശ്, ആർ. ദേവർശ്, എം. അനവദ്യ, ആർ. രഘുനന്ദ് എന്നീ കുട്ടികൾ വേഷമിട്ടു. ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എസ്. ആർഷിദ് അധ്യക്ഷത വഹിച്ചു. ചൈൽഡ് ഹെൽപ് ലൈൻ പ്രോജക്ട് കോഓഡിനേറ്റർ വി. അശ്വിനെ അനുമോദിച്ചു. കയ്യൂർ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവൻ, ചിത്രം സംവിധാനം ചെയ്ത രജീഷ് പൊതാവൂർ, പ്രധാനാധ്യാപകൻ കെ.എം. അനിൽകുമാർ, സി. ശശികുമാർ എന്നിവർ സംസാരിച്ചു. ജില്ല വോളിബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിദേവ്, സുനു കാർത്തിക് എന്നിവരെ അനുമോദിച്ചു.