ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ

കാബൂൾ: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇക്കാലയളവില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാർഥശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തിൽ ആറ് പാകിസ്താന്‍ സൈനികര്‍ക്കും 15-ഓളം അഫ്ഗാന്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായി വാര്‍ത്തകളുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
ഇരുവിഭാഗം വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്താനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ അഫ്ഗാനിസ്താന്‍ ഇതുവയും പ്രതികരിച്ചിട്ടില്ല. അതിർത്തിയിൽ തുടങ്ങിയ സംഘർഷം അഫ്ഗാനിലെ സ്പിൻ ബോൾഡാക്കിലും പാകിസ്താൻ ജില്ലയായ ചാമൻ എന്നിവടങ്ങളിലേക്കും വ്യാപിച്ചിരുന്നു.
അഫ്ഗാനിസ്താന്റെ തെക്കന്‍ കാണ്ഡഹാറിലെ അതിര്‍ത്തി പ്രദേശത്ത് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇവിടെ സാധാരണക്കാരെ ലക്ഷ്യവെച്ച് ആക്രമണം നടത്തിയെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. പാക് സൈന്യത്തിന്റെ ഒരു അതിര്‍ത്തി ഔട്ട്പോസ്റ്റും ഒരു ടാങ്കും തകര്‍ത്തതായി താലിബാന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടിരുന്നു.
അഫ്ഗാനിസ്താന്‍ തങ്ങളുടെ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് പാകിസ്താൻ്റെ ആരോപണം. താലിബാന്‍ അധികാരം പിടിച്ചെടുത്ത 2021 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതായും പാകിസ്താൻ പറയുന്നു. എന്നാല്‍, പാകിസ്താൻ്റെ ഇത്തരം ആരോപണങ്ങള്‍ താലിബാൻ പൂർണമായും നിഷേധിച്ചു.