ഗുജറാത്തിൽ വൻ ലഹരിമരുന്നു വേട്ട; 2,100 കോടിയുടെ 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്ദർ തീരത്തുനിന്നു 2,100 കോടി രൂപയോളം വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ ലഹരിമരുന്നു പിടികൂടി. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ നാവികസേന, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തത്.
വിദേശ ബോട്ടിലായിരുന്നു മെത്താംഫെറ്റാമൈൻ ഒളിപ്പിച്ചിരുന്നത്. 8 ഇറാനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നിനു രാജ്യാന്തര വിപണിയിൽ 1,400 മുതൽ 2,100 കോടി രൂപ മൂല്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. മുഹമ്മദ് ബലോച്ച് (41), ഇസഡ് എൻ ബലോച്ച് (20), ഇസ്മായിൽ ഇബ്രാഹിം (23), റസൂൽ ബാഖ്ഷ് (51), മുഹമ്മദ് റഹീസി (55), ഗുലാം മുഹമ്മദ് (62), കാസിം ബാഖ്ഷ് (63), നബി ബാഖ്ഷ് ബലോച്ച് (43) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവരുടെ പക്കൽ യാതൊരു രേഖകളും ഇല്ലായിരുന്നെന്ന് എൻസിബി അറിയിച്ചു. സംശയാസ്പദമായി സഞ്ചരിക്കുന്ന ബോട്ട് പരിശോധിച്ചപ്പോഴാണു ലഹരിക്കടത്തു പിടികൂടിയത്. ‘സാഗർ മന്ഥൻ -4’ എന്നാണു ലഹരിവിരുദ്ധ ഓപ്പറേഷന്റെ പേര്. നാവികസേന, തീരസംരക്ഷണ സേന എന്നിവരുമായി സഹകരിച്ച് എൻസിബി ഇതുവരെ 3,400 കിലോഗ്രാം വ്യത്യസ്ത ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.