ദുബൈ വിമാനത്താവളത്തില്‍ 36.7 കിലോ കഞ്ചാവ് പിടികൂടി

ദുബൈ: യാത്രക്കാരന്‍റെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ദുബൈ വിമാനത്താവളത്തില്‍ 36.7കിലോ കഞ്ചാവ് പിടികൂടി. ആഫ്രിക്കന്‍ രാജ്യക്കാരനായ ഒരാളുടെ രണ്ടു ബാഗുകളില്‍നിന്നാണ് ഒളിച്ചു കടത്തുന്നതിനിടെ വലിയ തോതില്‍ കഞ്ചാവ് കണ്ടെടുത്തതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു. ലഗേജുകള്‍ സ്കാനിങ് ചെയ്യുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളോടൊപ്പമാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
ആദ്യത്തെ ബാഗില്‍ 16.86 കിലോഗ്രാം കഞ്ചാവും രണ്ടാമത്തേതില്‍ 19.9 കിലോയുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണത്തിനും നിയമ നടപടികള്‍ക്കുമായി പ്രതിയെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
നിരോധിത വസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്നത് തടയുന്നതില്‍ ദുബൈ പൊലീസ് വിജയകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ദേശീയദൗത്യം നിര്‍വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കസ്റ്റംസ് വിഭാഗം പാസഞ്ചര്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഇബ്രാഹീം കമാലി പറഞ്ഞു. മസാലകള്‍, ഉണക്കമീന്‍ എന്നിവ പോലുള്ള രൂക്ഷഗന്ധമുള്ള ഭക്ഷ്യ വസ്തുക്കളില്‍ ഒളിപ്പിച്ചും ശരീരത്തില്‍ ചേര്‍ത്തുവെച്ചും നിരോധിത വസ്തുക്കള്‍ കടത്താറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരഭാഷ നോക്കിയും മറ്റും കള്ളക്കടത്തുകാരെ തിരിച്ചറിയാന്‍ വിവിധ പരിശീലനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

