KSDLIVENEWS

Real news for everyone

മറക്കാം മാലിന്യമൊഴുകിയ നാളുകൾ: കേളുഗുഡ്ഡെയെ പൂങ്കാവനമാക്കാൻ പദ്ധതി

SHARE THIS ON

കാസർകോട്: നഗരത്തിലെ മാലിന്യം തള്ളി മലീമസമായ മണ്ണിന്റെ ജൈവികഘടന തിരിച്ചുപിടിക്കാനുള്ള പദ്ധതി തുടങ്ങുന്നു. കേളുഗുഡ്ഡെയിലെ മണ്ണിനടിയിലെ അജൈവവസ്തുക്കൾ കുഴിച്ചെടുക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്. 13 വർഷത്തിനുശേഷമാണ് ഒരു നാടിനെയാകെ ദുരിതത്തിലാക്കിയ പ്രശ്‌നത്തിന്റെ കുരുക്കഴിക്കുന്നത്. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് (കെ.എസ്.ഡബ്ല്യു.എം.പി.) നേതൃത്വത്തിലാണ് മാലിന്യം കുഴിച്ചെടുക്കുക. തുടർന്ന് മണ്ണിട്ട് സ്ഥലം നികത്തുന്നതോടെ മണ്ണിന്റെ ജൈവികത തിരിച്ചുകിട്ടും.


ജനകീയ പ്രതിഷേധത്തെതുടർന്ന് 2010-ലാണ്‌ കേളുഗുഡ്ഡെയിൽ മാലിന്യം തള്ളുന്നത് നിർത്തി അശാസ്ത്രീയമായി മണ്ണിട്ട് മൂടിയത്‌. ജൈവമാലിന്യമെല്ലാം അഴുകിയെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ മണ്ണിനടിയിൽ ബാക്കിയാണ്. ഇവ ശാസ്ത്രീയമായി കുഴിച്ചെടുത്ത് വേർതിരിക്കും. പ്ലാസ്റ്റിക്, ടയർ തുടങ്ങിയവയാകും മണ്ണിനടിയിലുണ്ടാകുകയെന്നും അവ ഉണക്കി കത്താൻ സഹായിക്കുന്ന റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യൂവൽ (ആർ.എഫ്.ഡി.) എന്ന നിലയിൽ സിമന്റ് കമ്പനിക്ക് നൽകുമെന്നും കെ.എസ്.ഡബ്ല്യു.എം.പി. ഡെപ്യൂട്ടി ജില്ലാ കോ-ഓർഡിനേറ്റർ മിഥുൻ കൃഷ്ണൻ പറഞ്ഞു.

ലോകബാങ്ക് സഹായത്തോടെയാണ് തദ്ദേശസ്ഥാപനങ്ങളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ കൊല്ലം കുരീപ്പുഴയിൽ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. കാസർകോട് നഗരസഭയിൽ നടപ്പാക്കുന്ന ജൈവ ഖനനപ്രക്രിയയുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു. കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷനായി. മിഥുൻ കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർമാൻ വി.എം. മുനീർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, സെക്രട്ടറി പി.എ. ജസ്റ്റിൻ, മധൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമേഷ് ഗട്ടി, എസ്. രാധാകൃഷ്ണ, മധൂർ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. മനോജ് ബാബു, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എ. ലക്ഷ്മി, കെ.എസ്.ഡബ്ല്യു.എം.പി. വിദഗ്ധരായ എൻ.ആർ. രാജീവ്, ടി.എസ്. പറശിൻ രാജ്, ടി.ജെ. ജൈസൺ, കെ.പി. നീതുറാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!