വോട്ട് ചോരി കോണ്‍ഗ്രസിന്റെ മാത്രം വിഷയം: ഞങ്ങളുടേതല്ല; ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: വോട്ടുചോരി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി ഇന്ത്യാ സഖ്യത്തിലെ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. വോട്ടുചോരിയുമായി ഇന്ത്യാ മുന്നണിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ച് ‘വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റേതായ അജണ്ട നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വോട്ട് ചോരിയും എസ്ഐആറും കോണ്‍ഗ്രസ് പ്രധാന വിഷയങ്ങളാക്കിയതില്‍ തങ്ങള്‍ക്കൊന്നും പറയാനില്ലെന്നും അബ്ദുള്ള പറഞ്ഞു. വോട്ട് ചോരി വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആറുകോടിയോളം ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി.
നേരത്തെ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങളെ ഒമര്‍ അബ്ദുള്ള പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു അന്ന് ഒമറിന്റെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിനെയും സ്ത്രീകള്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ തള്ളി ഒമറിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.

