മൃതദേഹത്തിന് മീതേ രാത്രി മുഴുവന്‍ കാറുകള്‍ കയറിയിറങ്ങി; അവശിഷ്ടങ്ങള്‍ ശേഖരിച്ചത് കോരികകൊണ്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര അതിവേഗപാതയില്‍ കഴിഞ്ഞദിവസം നടന്നത് അപകടത്തേക്കാള്‍ വലിയ ദുരന്തം. കടന്നുപോയ ഏതോ വാഹനം തട്ടി ജീവന്‍ നഷ്ടമായ ഒരാളുടെ മൃതശരീരത്തിലൂടെ പിന്നീട് നിരവധി കാറുകള്‍ കയറിയിറങ്ങി.
രാത്രി മുഴുവന്‍ വാഹനങ്ങള്‍ കയറിയിറങ്ങിയ ശരീരഭാഗങ്ങള്‍ ഒടുവില്‍ കണ്ടെത്തുമ്പോള്‍ ചതഞ്ഞരഞ്ഞ് റോഡില്‍ പറ്റിക്കൂടിയ നിലയിലായിരുന്നു. ചക്രങ്ങളില്‍ പറ്റിക്കൂടിയും അവശിഷ്ടങ്ങള്‍ നീങ്ങിയിരുന്നു. അരക്കിലോമീറ്റര്‍ ദൂരത്തോളം റോഡില്‍ പറ്റിപ്പിടിച്ച ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിന് കോരിക ഉപയോഗിക്കേണ്ടി വന്നു.
കേടുപറ്റാതെ ഒരു വിരല്‍ മാത്രമാണ് പോലീസിന് ലഭിച്ചത്. വിരലടയാളം ഉപയോഗിച്ച് ഫോറന്‍സിക് വിദഗ്ധര്‍ക്ക് മരിച്ചയാളെ തിരിച്ചറിയാനാകും എന്നാണ് പോലീസിന്റെ പ്രതീക്ഷ. മരിച്ച വ്യക്തിയുടേതെന്ന് കരുതുന്ന ഒരു ഷൂവും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന് വീണ്ടെടുക്കാനായ ശരീരാവശിഷ്ടങ്ങള്‍ പരിശോധനക്കായി അയച്ചു.
മൂടല്‍മഞ്ഞ് മൂലമാണ് അതിവേഗപാതയില്‍ കടന്നുപോയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മൃതദേഹം കാണാന്‍ സാധിക്കാതിരുന്നത് എന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ അതിവേഗപാതയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററാണ് കാറുകളുടെ വേഗത. അഥവാ കാഴ്ചയില്‍പ്പെട്ടാലും സഡന്‍ബ്രേക്കിട്ട് വാഹനം നിര്‍ത്തുന്നത് അസാധ്യമാണ്, പ്രത്യേകിച്ച് മൂടല്‍മഞ്ഞുള്ള അവസരങ്ങളില്‍.

