‘ഉത്തമ ചിന്ത’യിൽ ബ്ലാസ്‌റ്റേഴ്‌സ്; പരിശീലകനായി പുരുഷോത്തമൻതന്നെ തുടരാൻ സാധ്യത
കൊച്ചി: സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയുടെ കീഴിൽ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത് 12 മത്സരം, മൂന്നു ജയമടക്കം നേടിയത് 11 പോയിന്റ്. മലയാളിയായ പുരുഷോത്തമന്റെ കീഴിൽ കളിച്ചത് നാലുമത്സരം, മൂന്നിലും ജയിച്ച് നേടിയത് ഒൻപത് പോയിന്റ്. വിജയശതമാനം നോക്കിയാൽ പുരുഷോത്തമനാണ് മുന്നിൽ. അതുകൊണ്ടുതന്നെ ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിങ് കുപ്പായത്തിൽ പുരുഷോത്തമൻ മതി എന്ന തീരുമാനത്തിലാണ് മാനേജ്‌മെന്റ്. പുതിയ കോച്ചിനായി വലിയൊരു തുക ഈ സീസണിൽ ഇനി ചെലവഴിക്കുന്നത് ബുദ്ധിപരമാകില്ലെന്ന് മാനേജ്‌മെന്റ് കരുതുന്നു. ഒഡിഷ എഫ്.സി.യുടെ കോച്ച് സെർജിയോ ലൊബേറോ അടക്കമുള്ളവരുടെ പേര് ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ സ്ഥാനത്തേക്ക് കേട്ടിരുന്നെങ്കിലും അതിലേക്കൊന്നും ഉടനെ പോകില്ലെന്ന് ഉറപ്പിക്കുന്നതാണ് പുരുഷോത്തമന്റെ കീഴിലെ പ്രകടനം.
ഒഡിഷ എഫ്.സി.ക്കെതിരായ കളിയിലെ ഇഞ്ചുറിസമയത്തെ ത്രില്ലർ വിജയവും പുരുഷോത്തമന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. അതേ ആത്മവിശ്വാസം തന്നെയാണ് മത്സരശേഷം കണ്ടുമുട്ടുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ചത്.
മോണ്ടിനെഗ്രോ താരം ദുസാൻ ലഗാത്തോറിനെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പുരുഷോത്തമനും സംഘവും. ടാക്ടിക്കൽ വൈദഗ്‌ധ്യവും ഏരിയൽ ബോളിലെ മികവും വിശകലനംചെയ്താണ് ദുസാനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ കൊച്ചിയിലെത്തിയ ദുസാൻ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ, ശനിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കളിയിൽ ദുസാൻ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേയിങ് സ്‌ക്വാഡിലുണ്ടാകില്ല.
ആരാധകർക്കെതിരേ പോലീസ് ഇടപെടൽ: ക്ലബിന് ബന്ധമില്ലെന്ന് മാനേജ്‌മെന്റ്
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധത്തിനിടയിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ക്ലബ് മാനേജ്‌മെന്റ്. ക്രമസമാധാനപരിപാലനത്തിൽ പോലീസ് സേനയ്ക്ക് ഏതെങ്കിലുംതരത്തിലുള്ള നിർദേശങ്ങൾ നൽകാൻ ക്ലബ്ബിന് അധികാരമില്ല. ആരാധകർ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ പോലീസ് നടപടികൾ ഉണ്ടാകണമെന്ന നിർദേശം ക്ലബ് നൽകിയിട്ടില്ല. കഴിഞ്ഞദിവസം ഒഡിഷ എഫ്.സി.ക്കെതിരേ കൊച്ചിയിൽനടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ പ്രതിഷേധത്തിൽ പോലീസ് ഇടപെടലുണ്ടായത്. ക്ലബ്ബിന്റെ നിർദേശപ്രകാരമാണ് പോലീസ് ഇടപെട്ടതെന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണാജനകവുമാണ്. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും ക്ലബ് അറിയിച്ചു.
സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ ആരാധകർക്ക് അവകാശമുണ്ട്. പൊതുവിടങ്ങളിൽ സുരക്ഷയ്ക്ക് ഭീഷണിയാകാത്തതരത്തിലുള്ള പ്രതിഷേധപ്രകടനങ്ങൾ അടിച്ചമർത്തപ്പെടാൻ പാടിെല്ലന്നും മാനേജ്‌മെന്റ് പറഞ്ഞു.