സിറിയയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണം: താക്കീതുമായി അല്‍ ജുലാനി
സിറിയയിലേക്ക് മുന്നേറിയ ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണമെന്ന ശക്തമായ താക്കീതുമായി വിമത സേനാ നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി. പകരം യുഎന്‍ സമാധാന സേനയെ ബഫര്‍ സോണില്‍ വിന്യസിക്കണമെന്നാണ് ജുലാനിയുടെ ആവശ്യം.
പ്രസിഡന്റ് ബാഷര്‍ അസദിനെതിരായ ഒരു ദശാബ്ദത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ മാസം ഡമാസ്‌കസില്‍ അധികാരം പിടിച്ചെടുത്ത ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്‌ടിഎസ്) തലവനാണ് ജുലാനി എന്നറിയപ്പെടുന്ന അഹമ്മദ് ഹുസൈന്‍ അല്‍-ഷറ. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഗോലാന്‍ കുന്നുകളിലെ തങ്ങളുടെ സ്ഥാനങ്ങള്‍ക്കപ്പുറത്തേക്കുള്ള സിറിയന്‍ പ്രദേശങ്ങളിലേയ്ക്ക് മുന്നേറുകയും തന്ത്രപ്രധാനമായ ഹെര്‍മോണ്‍ പര്‍വതം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇറാന്‍ സൈന്യത്തിന്റെയും ഹിസ്ബുള്ളയുടെയും സാന്നിധ്യം മൂലമാണ് ഈ മേഖലയില്‍ ഇസ്രയേല്‍ മുന്നേറ്റം ഉണ്ടായതെന്ന് ജുലാനി പറയുന്നു. പുതിയ സിറിയന്‍ സര്‍ക്കാര്‍ ബഫര്‍ സോണില്‍ യുഎന്‍ സേനയെ വിന്യസിക്കുന്നതിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, കൂടാതെ ഇസ്രയേല്‍ സൈന്യം സിറിയയില്‍ നിന്ന് പിമാറണമെന്നും അദ്ദേഹം റോയിറ്റേഴ്‌സിനോട് പറഞ്ഞു.
ആറ് ദിവസത്തെ യുദ്ധത്തില്‍ സിറിയയെയും ഈജിപ്തിനെയും പരാജയപ്പെടുത്തിയതിന് ശേഷം 1967 ല്‍ ഇസ്രയേല്‍ ആദ്യമായി ഗോലാന്‍ കുന്നുകളുടെ നിയന്ത്രണം നേടി. 1973-ല്‍ സിറിയ തന്ത്രപ്രധാനമായ പ്രദേശം തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെട്ടു. 1981-ല്‍ ഇസ്രയേല്‍ ഈ പ്രദേശം ഔദ്യോഗികമായി പിടിച്ചെടുത്തു. അതേസമയം, ഇസ്രയേലിന്റെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തിനും സിറിയയ്ക്കും ഇടയിലുള്ള ഒരു ബഫര്‍ സോണ്‍ വളരെക്കാലമായി യുഎന്‍ ഒബ്‌സര്‍വേഷന്‍ മിഷന്റെ കീഴിലാണ്. കഴിഞ്ഞ മാസം ഡമാസ്‌കസ് വിമത സേന പിടിച്ചെടുത്തപ്പോള്‍ IDF ബഫര്‍ സോണിലേക്ക് നീങ്ങുകയും അത് സിറിയന്‍ പ്രദേശത്തേക്ക് കടന്നുകയറുകയും ചെയ്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡിസംബര്‍ പകുതിയോടെ ഹെര്‍മോണ്‍ പര്‍വതത്തിലെ ഐഡിഎഫ് സ്ഥാനം സന്ദര്‍ശിച്ചു, അതിനെ ‘ആവേശകരമായ ചരിത്ര നിമിഷം’ എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍, ഗോലാന്‍ കുന്നുകളിലെ ഇസ്രയേലി ജനസംഖ്യ ഇരട്ടിയാക്കാനുള്ള 40 ദശലക്ഷം ഷെക്കല്‍ (11 ദശലക്ഷം ഡോളര്‍) പദ്ധതി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.