വിവാദങ്ങൾക്കിടെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം: ഇന്ത്യക്ക് ബാറ്റിങ്; വൈഭവിന്റെ വെടിക്കെട്ടുകാത്ത് ആരാധകർ

ബുലവായോ (സിംബാബ്വേ): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമത്സരത്തിലെ ആധികാരിക വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യ ശനിയാഴ്ച ബംഗ്ലാദേശിനെതിരേ കളിക്കാനിറങ്ങുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു. ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിലാണ് മത്സരം.
ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് മത്സരമെന്നതാണ് ശ്രദ്ധേയം. ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ല.
എ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച യുഎസിനെ 35.2 ഓവറിൽ 107 റൺസിന് പുറത്താക്കിയ ഇന്ത്യ മഴനിയമപ്രകാരം 17.2 ഓവറിൽ വിജയംകുറിച്ചു. പേസ് ബൗളർ ഹനിൽ പട്ടേൽ 16 റൺസിന് അഞ്ചുവിക്കറ്റ് നേടി കളിയിലെ താരമായപ്പോൾ ഓപ്പണർ വൈഭവ് സൂര്യവംശി രണ്ടുറൺസിൽ പുറത്തായത് മാത്രമാണ് നിരാശയായത്.
ക്യാപ്റ്റൻ ആയുഷ് മാത്ര, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു, കനിഷ്ക് ചൗഹാൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഇന്ത്യൻ ബാറ്റിങ്നിരയ്ക്ക് കരുത്തുകാട്ടാനുള്ള അവസരമാകും ബംഗ്ലാദേശിനെതിരായ മത്സരം.
ഇന്ത്യൻ ടീമിൽ മാറ്റമില്ല. മലയാളിയായ ആരോൺ ജോർജ് ടീമിലുണ്ടെങ്കിലും യുഎസിനെതിരേ കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. അസീസുൾ ഹഖ് നയിക്കുന്ന ബംഗ്ലാദേശിന്റെ ബാറ്റിങ്ങിലെ പ്രധാനികൾ സവാദ് അബാർ, ഹക്കീം എന്നിവരാണ്. പേസർമാരായ ഇഖ്ബാൽ ഹുസൈൻ, അൽ ഫഹാദ് എന്നിവരിലും ടീം പ്രതീക്ഷയർപ്പിക്കുന്നു.

