ഞാനാണ് അർഹൻ: നൊബേലുമായി ട്രംപിന്റെ തുള്ളിച്ചാട്ടം; നടക്കില്ലെന്നു കമ്മിറ്റി; കോമാളിത്തരമെന്നു വിമർശകർ

വാഷിങ്ടൻ: ‘പരസ്പര ബഹുമാനത്തിന്റെ മനോഹരമായ പ്രകടനം’ – വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കു കിട്ടിയ സമാധാന നൊബേൽ പുരസ്കാരം അവർ തനിക്കു കൈമാറിയതിെപ്പറ്റി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മച്ചാഡോ മാന്യയായ, മികച്ച വനിതയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഏറെക്കാലമായി ആഗ്രഹിക്കുന്ന സമാധാന നൊബേൽ കയ്യിൽക്കിട്ടിയതിന്റെ ആവേശം ട്രംപിന്റെ വാക്കുകളിലുണ്ടെങ്കിലും മറ്റൊരാൾക്കു കിട്ടിയ പുരസ്കാരം കൈക്കലാക്കി സന്തോഷിക്കുന്ന ട്രംപിനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. നൊബേൽ പുരസ്കാരം ഇത്തരത്തിൽ കൈമാറാനാവില്ലെന്നു പുരസ്കാര സമിതിയും വ്യക്തമാക്കിക്കഴിഞ്ഞു.
മറ്റൊരാൾക്കു ലഭിച്ച പുരസ്കാരം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് പറഞ്ഞ മറുപടി, താൻ തന്നെയാണ് നൊബേൽ സമാധാന പുരസ്കാരത്തിന് ഏറ്റവും അർഹൻ എന്നാണ്. ‘‘ഞാൻ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഞാനാണ് പുരസ്കാരത്തിന് അർഹതയുള്ളയാൾ എന്ന് മച്ചാഡോ തന്നെയാണ് പറഞ്ഞത്.’’ ട്രംപിന്റെ വാക്കുകൾക്കു പിന്നാലെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നത്. നോർവേയിലെ രാഷ്ട്രീയ നേതാക്കളും സാമൂഹിക വിമർശകരുമടക്കം മച്ചാഡോയുടെയും ട്രംപിന്റെയും പ്രവർത്തനങ്ങളെയും വാക്കുകളെയും അസംബന്ധമെന്നാണ് വിമർശിച്ചത്. നൊബേൽ പുരസ്കാരത്തോടുള്ള തികഞ്ഞ അനാദരവാണ് ഇതെന്നും പുരസ്കാരത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുകയാണ് അവരെന്നും വിമർശമുയരുന്നുണ്ട്. ട്രംപിന്റെ പ്രവൃത്തി തമാശയാണെന്നും കോമാളിത്തരമാണെന്നും സമൂഹമാധ്യമങ്ങളിൽ പരിഹാസകമന്റുകൾ നിറയുകയാണ്.
നടക്കില്ലെന്നു പുരസ്കാരസമിതി
അതേസമയം, പുരസ്കാരം കിട്ടിയെന്ന ട്രംപിന്റെ അവകാശവാദത്തിലും ആഹ്ലാദത്തിലും കാര്യമില്ലെന്നും നൊബേൽ പുരസ്കാരം അങ്ങനെ കൈമാറാനാവില്ലെന്നും സമാധാന പുരസ്കാരം നൽകുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റിയും ഓസ്ലോയിലെ നൊബേൽ പീസ് സെന്ററും വ്യക്തമാക്കിയിട്ടുണ്ട്. ഒരു നൊബേൽ പുരസ്കാര ജേതാവിന് തനിക്കു ലഭിച്ച മെഡൽ മറ്റൊരാൾക്കു നൽകാം. പല ജേതാക്കളും ഇങ്ങനെ മെഡൽ കൈമാറുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പക്ഷേ പുരസ്കാര ജേതാവ് എന്ന അംഗീകാരം കൈമാറാനാവില്ല. അത് പുരസ്കാരം കിട്ടിയ ആൾക്കുതന്നെയായിരിക്കും. ഇവിടെ സമാധാന പുരസ്കാര ജേതാവ് മച്ചാഡോ ആണ്. മെഡൽ ട്രംപിനു നൽകി എന്നതുകൊണ്ട് ട്രംപ് നോബേൽ ജേതാവാകില്ല. നൊബേൽ പുരസ്കാരം കൈമാറാനോ പങ്കിടാനോ പിൻവലിക്കാനോ കഴിയില്ലെന്ന പുരസ്കാര സമിതിയുടെ നിലപാട് അന്തിമമാണെന്നും എല്ലായ്പ്പോഴും ബാധകമാണെന്നും നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, രേഖകളിൽ 2025 ലെ സമാധാന നൊബേൽ പുരസ്കാര ജേതാവായി മച്ചാഡോയുടെ പേരു തന്നെയായിരിക്കും ഉണ്ടാവുക.

