കടലോരത്തൊരു വീട്, വീടു നിറയെ കടൽ; ഇരുനില വീടിന്റെ ചുമരിൽ കടലിന്റെ മക്കളുടെ ‘ജീവിതക്കാഴ്ച’.

കാസർകോട് ∙ കടലോരത്തൊരു വീട്. വീടു നിറയെ കടൽ. കാസർകോട് കസബയിൽ 10 വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബം ശിശുപാലനും സുമിത്രയും പുതിയതായി പണിത ഇരുനില വീടിന്റെ ചുമരിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതചിത്രം വരച്ചു ചേർത്തിരിക്കുന്നത്.കടലും പുഴയും ചേർന്ന കാഴ്ചകളുടെ തീരത്ത് പണിത വീടിന് മത്സ്യത്തൊഴിലാളികളുടെ ചിത്രങ്ങൾ വരച്ച ചുവർ കൂടി ചേർന്നതോടെ ‘കടൽക്കാഴ്ച’ ഹൃദ്യം.ഭൂരഹിതർക്കുള്ള സർക്കാരിന്റെ ഭവന പദ്ധതിയിൽ 5 വർഷം മുൻപ് അനുവദിച്ച 3 സെന്റ് ഭൂമിയിലാണ് വീട് പണിതിരിക്കുന്നത്. വീട് പണിയാൻ 2 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചിരുന്നു. കൊച്ചി സ്വദേശി സച്ചിൻ സാംസൺ രണ്ടാഴ്ച കൊണ്ടാണ് ചുവരിൽ ചിത്രം വരച്ചുതീർത്തത്. ആകാശത്തേക്കു പറന്നു പോകുന്ന കടൽ കാക്കകൾ, തിരണ്ടി, കടലിൽ നിന്നു പവിഴവും മുത്തുമായി എത്തുന്ന മത്സ്യത്തൊഴിലാളി, ചെസ് കളിക്കുന്ന തൊഴിലാളികൾ തുടങ്ങി ജീവൻ തുളുമ്പുന്ന ദൃശ്യ വിസ്മയങ്ങളാണ് 4 ഭാഗത്തെയും ചുവരുകളിലുള്ളത്.
പ്രദേശത്തെ കുടുംബങ്ങളുടെ വേഷം, തൊഴിൽ രീതി, വസ്ത്ര ധാരണം, സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ, വിനോദം എന്നിവയെല്ലാം ചിത്രങ്ങളിൽ പകർത്തിയിട്ടുണ്ട്. ഗൃഹനാഥൻ ശിശുപാലനും മകനും ഉൾപ്പെടെ ചിത്രത്തിലെ കഥാപാത്രങ്ങളാണ്.കോട്ടയം സ്വദേശി അഭിജിത് ആചാര്യയുമുണ്ട് സച്ചിനു ചിത്രരചനയിൽ സഹായിയായി. 8 വർഷം മുൻപ് ഫോർട്ട് കൊച്ചിയിൽ വഴിയോരങ്ങളിലെ മതിലിൽ ചിത്രം വരച്ചായിരുന്നു സച്ചിൻ സാംസൺ വഴിയോര ചിത്ര രചനയ്ക്കു തുടക്കം കുറിച്ചത്. തേവര സേക്രട്ട് ഹാർട്ട് കോളജിലെ റിട്ട.സുവോളജി പ്രഫസറും ചിത്രകാരനുംമായായ സാംസൺ ഡേവിസിന്റെയും പ്രിയയുടെയും മകനാണ് .

