ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ നികത്തി, എന്നിട്ടും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും റിക്രൂട്ട്മെന്റ് നടക്കുകയും ചെയ്തിട്ടും അത് ബോധ്യപ്പെടാതെ സമരം ചെയ്യുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വിശദീകരണങ്ങൾക്കു ശേഷവും സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോലീസ് നിയമന പട്ടികയിൽ 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ കണക്കാക്കി റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലിസ്റ്റ് റദ്ദായതിൽ ഒരു ഖേദവും ആർക്കും വേണ്ട. ഡിസംബർ വരെയുള്ള ആളുകളെ റിക്രൂട്ട് ചെയ്തുകഴിഞ്ഞു. അവർക്കുള്ള പരിശീലനവും ആരംഭിച്ചു. എന്നിട്ടും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമരം ചെയ്യുന്നവർ ശവവുമായായാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്നലെ സമരം ചെയ്തത്. എന്തു പറഞ്ഞാലും, ചെയ്താലും തങ്ങൾക്കതൊന്നും ബാധകമല്ല എന്നു ചിന്തിക്കുന്ന ഏതാനും പേരും അതിനുള്ള പ്രോത്സാഹനം നൽകുന്ന ചിലരും നമ്മുടെ നാട്ടിലുണ്ട്. അവർ കാര്യങ്ങൾ ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

