ലോകസഭയിലേക്ക് സമദാനി ; വഹാബ് വീണ്ടും രാജ്യസഭയിലേക്ക്

കോഴിക്കോട് : ലോകസഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയിലെത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം . നിയമസഭ , ലോക്സഭ , രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു . പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെതുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റിലേക്ക് എം പി അബ്ദുസമദ് സമദാനിയെ സ്ഥാനാർത്ഥിയാക്കാനാണ് ലീഗ് ഉന്നതാധികാര സമിതിയിൽ ധാരണയായതെന്നാണ് സൂചന . രാജ്യസഭയിലേക്ക് പി വി അബ്ദുൾ വഹാബ് തന്നെ മത്സരിക്കും . ഏപ്രിലോടെയാണ് അബ്ദുൾ വഹാബിന്റെ നിലവിലുള്ള രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത് . ഈ ഒഴിവ് അടക്കം മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത് . നിലവിലെ അംഗ സംഖ്യ അനുസരിച്ച് എൽ ഡി എഫിന് രണ്ടുപേരെയും യു ഡി എഫിന് ഒരാളെയും വിജയിപ്പിക്കാൻ കഴിയും.പി വി അബ്ദുൾ വഹാബ് ഏറനാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചരണമുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് തന്നെ പരിഗണിക്കുകയായിരുന്നു . നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കൈ പി മജീദ് മലപ്പുറത്തും മത്സരിക്കാൻ ധാരണയായി . അതേ സമയം പാർട്ടി മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് അന്തിമ ധാരണയിലെത്തിയില്ല . ചർച്ചകൾ തുടരുകയാണ് . ഇത്തവണ വനിതാസ്ഥാനാർത്ഥി ഉണ്ടാകാനുള്ള സാധ്യതയും ഏറി . ലീഗ് ഉന്നതാധികാര യോഗം കഴിഞ്ഞ് തീരുമാനം മാധ്യമ പ്രവർത്തകരെ അറിയിക്കുന്നതിനിടയിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും , ഇ ടി മുഹമ്മദ് ബഷീർ എം പിയും ഇങ്ങനെയൊരു സൂചന നൽകിയത് . വനിതാ സ്ഥാനാർത്ഥികൾക്ക് അവസരം നൽകുമോ എന്ന ചോദ്യത്തിന് കാത്തിരിക്കാമെന്നാണ് നേതാക്കൾ സൂചന നൽകിയത് . വിജയ സാധ്യതമാത്രം പരിഗണിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നും നേതാക്കൾ വ്യക്തമാക്കി .

