KSDLIVENEWS

Real news for everyone

രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല; ബിജെപി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാൻ

SHARE THIS ON

കണ്ണൂർ: കേന്ദ്രമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതിശന്റെ ആരോപണം തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല. ഫോണിൽ പോലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ വി.ഡി.സതീശന് സൗജന്യമായി നൽകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ബിജെപി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാൻ വേണ്ടിയാണെന്നും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ജയരാജൻ വ്യക്തമാക്കി. ‘‘രാജീവ് ചന്ദ്രശേഖറുമായി ഇ.പി.ജയരാജന് ബിസിനസ് ബന്ധമെന്ന ആരോപണവുമായി വി.ഡി.സതീശൻ രംഗത്തുവന്നിരുന്നു. ഞാൻ വി.ഡി.സതീശനെപ്പോലെ ഒരു ബിസിനസ് മാനല്ല. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തു കണ്ടിട്ടില്ല. ഫോണിൽ സംസാരിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലുമാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ രാജീവ് ചന്ദ്രശേഖറുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്? എനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ വി.ഡി.സതീശന് സൗജന്യമായി കൊടുക്കും. മുദ്രപേപ്പറുമായി വന്നാൽ അപ്പോൾ തന്നെ ഒപ്പിട്ടുകൊടുക്കാം. ഭാര്യയ്ക്ക് ഒരു കമ്പനിയിൽ ഓഹരിയുണ്ട്. അതല്ലാതെ ബിസിനസ് ഉണ്ടെങ്കിൽ സതീശന്റെ ഭാര്യയ്ക്ക് എഴുതിക്കൊടുക്കാം.  എന്തിനാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കുന്നയാൾ അടിസ്ഥാന രഹിതമായ ഇത്തരം കാര്യങ്ങൾ പറയുന്നത്? വി.ഡി.സതീശൻ മത്സ്യപ്പെട്ടിയിൽ 150 കോടി രൂപ കടത്തിയെന്ന പി.വി.അൻവറിന്റെ ആരോപണത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ലല്ലോ. ഒരു സ്വകാര്യ ചാനൽ കുറേക്കാലമായി എന്നെ വേട്ടയാടുന്നുണ്ട്. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്ന് അവരാണ് പ്രചരിപ്പിച്ചത്. അവർ പറഞ്ഞു കൊടുത്തിട്ടാകും വി.ഡി.സതീശൻ എനിക്കെതിരെ രംഗത്തുവന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ആ ചാനലിന്റെ നിലവാരം പൊതുജനം മനസ്സിലാക്കണം.  ബിജെപി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാൻ വേണ്ടിയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. സംഘപരിവാർ ശക്തികൾ വീണ്ടും അധികാരത്തിൽ വരാനുള്ള നീക്കം നടത്തുകയാണ്. കേന്ദ്രമന്ത്രിമാരെ കേരളത്തിൽ മത്സരത്തിനിറക്കുന്നത് ഇമേജ് കൂട്ടാൻ വേണ്ടിയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പലരും ബിജെപിയിലേക്ക് ചേരുകയാണ്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. അവർക്ക് മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനാകില്ല.  ബിജെപിയും കോൺഗ്രസും വൻ തോതിൽ ഇലക്ടറൽ ബോണ്ട് വാങ്ങി. ഇത്തരത്തിൽ ഫണ്ട് വാങ്ങിയതിനെ ബിജെപി സ്ഥാനാർഥി ന്യായീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് പണക്കൊഴുപ്പിൽ ആവില്ലായിരുന്നോ?  ബിജെപി നേതാക്കന്മാർ കോടതിയേപ്പോലും വിമർശിച്ചു. സിപിഎമ്മും സിപിഐയും ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം മുതൽക്കേ ശക്തമായ നിലപാടു സ്വീകരിച്ചു. ജനക്ഷേമ നിലപാടു സ്വീകരിക്കുന്ന പാർട്ടിയെ ജനം തിരിച്ചറിയും’’ –ഇ.പി.ജയരാജൻ പറഞ്ഞു.  പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് ക്ഷണിച്ചെന്ന ആരോപണവും ഇ.പി.ജയരാജൻ തള്ളി. പത്മജ പറയുന്നതിൽ അടിസ്ഥാനമില്ല, ക്ഷണിച്ചിരുന്നെങ്കിൽ ഇങ്ങോട്ടു വരില്ലേ? അവർ ബിജെപിയിലേക്കല്ലേ പോയതെന്നും ജയരാജൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!