വഖഫ്, സര്‍ക്കാരിന് തിരിച്ചടി; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുത്താന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് വലിയ അധികാരങ്ങളുണ്ട്. നിയമത്തില്‍ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. ആ നിയമം നിയനില്‍ക്കെ സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
മുനമ്പം വഖഫ് ഭൂമിക്കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെ തെറ്റായ നടപടിയായി ഹൈക്കോടതി നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. സിവില്‍ കോടതി ഇതിനകം തന്നെ ഭൂമിയെ വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിനാല്‍, ആ തീരുമാനത്തില്‍ ഏത് തരം മാറ്റങ്ങളും ഒരു ഉന്നത കോടതിയിലൂടെ മാത്രമേ സാധ്യമാകൂയെന്നും ന്യായസങ്കേതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജുഡിഷ്യല്‍ കമ്മീഷന്‍ നിയമിച്ച നടപടി അനാവശ്യവും നിയമവിരുദ്ധവുമാണെന്നും ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.