KSDLIVENEWS

Real news for everyone

മഞ്ചേശ്വരം ജനകീയ മുന്നണിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല – പിഡിപി

SHARE THIS ON

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിലർ സ്വാർത്ഥ താൽപര്യങ്ങളോടെയും ഫാസിസ്റ്റ് ശക്തിയായ ബിജെപിയുടെ അധികാരലോഭത്തിന് അനുകൂലമായും ചില രാഷ്ട്രീയ തന്ത്രങ്ങൾ നടത്തുന്നതായി കാണപ്പെടുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ബോധമുള്ള വോട്ടർമാർ ഇത്തരം നീക്കങ്ങൾ തിരിച്ചറിയണമെന്ന് പിഡിപി കാസർഗോഡ് ജില്ലാ അധ്യക്ഷൻ എസ്. എം. ബഷീർ അഹമ്മദ് മഞ്ചേശ്വരം പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഉണ്ടായ മുരടിപ്പിന് മാറിമാറി രാജ്യം ഭരിച്ച സർക്കാരുകൾക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസനം പ്രധാനപ്പെട്ട വിഷയമാണെന്ന കാര്യത്തിൽ പിഡിപിക്ക് രണ്ടാമതൊരു അഭിപ്രായവുമില്ല.

എന്നാൽ നിലവിൽ മഞ്ചേശ്വരം മണ്ഡലത്തിൽ രൂപീകരിച്ചിരിക്കുന്ന ജനകീയ മുന്നണിയുമായി പിഡിപിക്ക് യാതൊരു ബന്ധവുമില്ലെന്നും, പാർട്ടിയുടെ പേരിൽ ചിലർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് ജനങ്ങൾ വിശ്വസിക്കരുതെന്നും എസ്. എം. ബഷീർ അഹമ്മദ് വ്യക്തമാക്കി.

വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള ഉത്തരേന്ത്യൻ മാതൃകയിലെ രാഷ്ട്രീയ ശ്രമങ്ങൾ മഞ്ചേശ്വരത്തിലെ ജനങ്ങൾ തള്ളിക്കളയും. “ജനകീയ മുന്നണി” എന്ന പേരിൽ ചില രാഷ്ട്രീയ കറിവേപ്പിലകളെ വളർത്തി രംഗത്തിറക്കുന്നതിന് പിന്നിൽ ബിജെപി തന്നെയാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രൻ മുമ്പ് മതപരമായ ആദർശങ്ങളെയും ആചാരങ്ങളെയും ആക്ഷേപിക്കുകയും ചിലരുടെ ഭക്ഷണ ശീലങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം അതേ സമൂഹത്തിന്റെ ഇഫ്താർ പരിപാടികളിൽ പങ്കെടുത്ത് മതേതര മുഖം കാണിക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ കാവലാളുകളാകാൻ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാർ വലിയ ഉത്തരവാദിത്വത്തോടെയും സൂക്ഷ്മതയോടെയും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ തയ്യാറാക്കുമെന്നും എസ്. എം. ബഷീർ അഹമ്മദ് കൂട്ടിച്ചേർത്തു.

error: Content is protected !!