KSDLIVENEWS

Real news for everyone

ഇറാൻ ഒന്നും മറക്കില്ല, ടോർപിഡോ ആക്രമണത്തിന് പകരം ചോദിക്കും: മുന്നറിയിപ്പുമായി സേനാ മേധാവി

SHARE THIS ON

ടെഹ്റാൻ: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ നാവികർ കൊല്ലപ്പെട്ടതിന് പകരം ചോദിക്കുമെന്ന് ഇറാൻ നാവികസേനാ മേധാവി ഷഹ്‌റാം ഇറാനി.

‘‘ശത്രുവിന്റെ കുറ്റകൃത്യം ഞങ്ങൾ മറക്കില്ല, ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിനു പകരം ചോദിക്കും. ശത്രു ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് മാരകമായ പ്രഹരങ്ങളിലൂടെ അവരെ ശിക്ഷിക്കും’’–അദ്ദേഹം പറഞ്ഞു.

മാർച്ച് 4ന് ശ്രീലങ്കയിലെ ഗാലി തീരത്തിനു സമീപം വച്ചാണ് ഇറാന്റെ ഐആർഐഎസ് ദേന എന്ന കപ്പൽ യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ആക്രമണത്തിൽ തകർന്നത്. അപകടത്തിൽ കുറഞ്ഞത് 87 നാവികർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തി. ഇന്ത്യയുമായുള്ള സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.

അതിനിടെ. ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന ഉൾപ്പെടെ 7 രാജ്യങ്ങളുടെ സൈനിക സഹായം തേടി. എണ്ണക്കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നാണ് ആവശ്യം. സഹായം നൽകാൻ വിമുഖത കാണിക്കുന്ന സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചു. ‘സഹായിക്കാത്തവരെ ഞങ്ങൾ ഓർത്തുവയ്ക്കും’ എന്നു താക്കീത് നൽകുകയും ചെയ്തു. ചൈന ഇതിനോടു പ്രതികരിച്ചിട്ടില്ല. അതേസമയം, മേഖലയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ മാസം അവസാനം നടക്കേണ്ട ചൈന സന്ദർശനം ട്രംപ് മാറ്റിവച്ചേക്കുമെന്നാണു സൂചന. ചൈനയുടെ മറുപടി അറിഞ്ഞ ശേഷമേ മാത്രമേ സന്ദർശന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.

യുഎസിന്റെ ആവശ്യത്തോടു കരുതലോടെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം. യുദ്ധത്തിന്റെ അന്തിമ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കാൻ ജർമനിയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. ചെങ്കടലിലെ കപ്പലുകളെ സംരക്ഷിക്കുന്നതിനുള്ള ദൗത്യം ഹോർമുസിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നുണ്ട്. വലിയൊരു യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ താൽപര്യമില്ലെന്നു യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ വ്യക്തമാക്കി. ഇറാന്റെ 70% മിസൈൽ ലോഞ്ചറുകളും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാൻ ആക്രമണം തുടരുകയാണ്. അതേസമയം, ഹിസ്ബുല്ലയുടെ ഭീഷണി നേരിടാൻ ലബനനിലേക്ക് കൂടുതൽ കരസേനയെ അയച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം ഇതേവരെ ലബനനിൽ 886 പേർ കൊല്ലപ്പെടുകയും 2,141 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി ആരോഗ്യപ്രവർത്തകരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. 38 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുകയും 69 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!