KSDLIVENEWS

Real news for everyone

ഇറാൻ പ്രശ്‌നമുണ്ടാക്കിയില്ല’; അമേരിക്കയിൽ ഭീകര വിരുദ്ധ വിഭാഗത്തിൻ്റെ മേധാവി രാജിവച്ചു; ട്രംപിന് കനത്ത തിരിച്ചടി

SHARE THIS ON

ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. ഇസ്രായേലിന്റെ സമ്മർദ്ദമാണ് യുദ്ധത്തിന് പിന്നിലെന്നും, ഇറാഖ് യുദ്ധത്തിന്റെ തെറ്റുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആരോപിച്ചു. ഈ രാജി ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.

ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

യുഎസ് സൈന്യത്തിലും സിഐഎയിലും പ്രവർത്തിച്ചിട്ടുള്ള, പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. രാജിക്കാര്യത്തിൽ വൈറ്റ് ഹൗസോ, നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുതിർന്ന ഉദ്യോഗസ്ഥർ രാജിവെക്കുന്നത് വരും ദിവസങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!