പവനു വില 40,000; പക്ഷേ, ബാങ്കുകൾ വായ്പ നൽകുന്നത് 24,000 രൂപ

ആലപ്പുഴ: സ്വർണവില പവനു 39,650 രൂപയായിട്ടും ബാങ്കുകൾ സ്വർണവായ്പാപരിധി കൂട്ടിയില്ല. പ്രമുഖ പൊതുമേഖലാബാങ്കുകൾ പവന് 24,000 രൂപയാണു വായ്പയായി നൽകുന്നത്. സഹകരണബാങ്കിലും ഇതാണു നിരക്ക്. ചിലർ കുറച്ചുകൂടി മെച്ചപ്പെടുത്തി നൽകും. എന്നാലും, 30,000ത്തിനു മുകളിലേക്കു പോകാറില്ല. കാത്തലിക് സിറിയൻ ബാങ്കുമാത്രം ഗ്രാമിന് 4,100 രൂപ നൽകുന്നുണ്ട്. അതായത് പവന് 32,800 രൂപ ഇവിടെനിന്ന് സ്വർണവായ്പയായി കിട്ടും. സ്വകാര്യ ബാങ്കുകളും ബ്ലേഡ് പലിശക്കാരുമെല്ലാം പവൻവിലയുടെ 90 ശതമാനംവരെ വായ്പ നൽകുന്നുണ്ട്.
സ്വർണവിലയിൽ ചാഞ്ചാട്ടംവന്നപ്പോൾ റിസർവ് ബാങ്ക് പവൻവിലയുടെ 70 ശതമാനമായി വായ്പപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നിട്ടും, പ്രമുഖ പൊതുമേഖലാ ബാങ്കുകൾ പവനുനൽകുന്ന പരമാവധിതുക 27,600 രൂപ മാത്രമാണ്. ഗ്രാമീണമേഖലയിൽ ഇത് ഏറെ ക്ലേശമുണ്ടാക്കുന്നുണ്ട്. സഹകരണ ബാങ്കുകളെയാണു സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ, അവിടെയും ഗ്രാമിന് 3,000 രൂപയേ നൽകൂ.
കോവിഡ് പ്രതിസന്ധി മാറിവരുന്ന സാഹചര്യത്തിൽ സ്വർണപ്പണയ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടി. പൊതുമേഖലാ ബാങ്കുകളിലെ പലിശനിരക്കാണ് ഇതിൽ ആകർഷകം. നാലുശതമാനത്തിനും എട്ടുശതമാനത്തിനുമിടയിൽമാത്രമാണ് അവിടെ പലിശ. കാർഷികവായ്പയുംമറ്റുമെടുക്കുന്നവർക്കാണു നാലുശതമാനത്തിൽ വായ്പ നൽകുക. സ്വകാര്യ സ്ഥാപനങ്ങൾ പത്തും പതിനഞ്ചും ശതമാനംവരെ പലിശയീടാക്കുന്നുണ്ട്. വായ്പയുടെ റിസ്ക് കൂടുന്നതനുസരിച്ച് പലിശനിരക്കും കൂടുമെന്നാണ് അവർ പറയുന്നത്. അതായത് പവന് 35,000 രൂപ നൽകുമ്പോൾ 15 ശതമാനം പലിശയാണ് ചില സ്വകാര്യബാങ്കുകൾ ഈടാക്കുന്നത്. 25,000 നൽകുമ്പോൾ അത് 10 ശതമാനമായി കുറയുമെന്നും അവർ പറയുന്നു.