പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ചു; ഫോർട്ടുകൊച്ചിയിൽ ഓസ്ട്രിയക്കാരായ ജൂതവനിതകൾക്കെതിരേ കേസ്

കൊച്ചി: ഫോർട്ട്‌കൊച്ചിയിൽ സ്ഥാപിച്ച പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച ഓസ്ട്രിയൻ വംശജരായ ജൂതവനിതകൾക്കെതിരേ പോലീസ് കേസെടുത്തു. ഷിലാൻസിയ, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി എന്നിവർക്കെതിരേയാണ് കേസ്. തിങ്കളാഴ്ച രാത്രിയോടെയാണ് യുവതികൾ പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറിയത്. എസ്.ഐ.ഒ. കൊച്ചി ഏരിയ കമ്മിറ്റി ഫോർട്ട്കൊച്ചി കടപ്പുറത്തും കമാലക്കടവിലും വെച്ചിരുന്ന ബോർഡുകളാണ് കീറിയത്. ഇവർ ബോർഡ് കീറിയപ്പോൾ തന്നെ കുറച്ച് ചെറുപ്പക്കാർ പ്രതിഷേധവുമായെത്തിയിരുന്നു. ഷിലാൻസിയ ഇവരുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ചതിനെതിരേ ചൊവ്വാഴ്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർ ഫോർട്ട് കൊച്ചി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അർധരാത്രി കഴിഞ്ഞും പ്രവർത്തകർ സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് യുവതികൾക്കെതിരേ കേസെടുത്തത്. അതേസമയം, മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത പറഞ്ഞതായി പോലീസ് പറഞ്ഞു.