KSDLIVENEWS

Real news for everyone

കോവിഡ് രോഗികൾ കുറയുന്നു; ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ; ആഘോഷങ്ങൾക്ക് അനുമതി

SHARE THIS ON

ദുബൈ: കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ് സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക് ഒരു മാസത്തേക്ക് അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു മാസം നൽകിയിരിക്കുന്നത്.

എന്നാൽ, ഇത് ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന് പ്രവർത്തിക്കാം. എന്നാൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ചയില്ല. വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. എന്നാൽ, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരായിരിക്കണം. റസ്റ്റാറൻറുകളുടെ ഒരു ടേബ്ളിന് ചുറ്റും പത്ത് പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്ളിൽ ആറ് പേർ അനുവദിനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി.

എന്നാൽ, വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം. കമ്യൂണിറ്റി സ്പോർട്സ്, സംഗീത മേള, അവാർഡ് ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി. യു.എ.ഇയിൽ അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകൾ അനുവദിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!