ഫലസ്തീനുള്ള പിന്തുണ ഉറച്ചത്; ദുരിതാശ്വാസ സഹായത്തില്‍ ഞങ്ങള്‍ ലോകത്തെ നയിക്കുന്നു: ശൈഖ് മുഹമ്മദ്

ദുബൈ: ഗസ്സയിലെ മാനുഷിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതില്‍ ദുബൈ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യു എ ഇയുടെ ഉറച്ചതും നിരന്തരവുമായ നിലപാട് സ്ഥിരീകരിച്ചു. ഗസ്സ മുനമ്പില്‍ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ യു എ ഇ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ യു എ ഇ പ്രതിനിധി സംഘത്തെ നയിച്ച ശൈഖ് മുഹമ്മദ്, ഫലസ്തീന്‍ പ്രശ്നം, ഗസ്സ മുനമ്പിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം, ഏഴ് മാസവും അവിടെ നടക്കുന്ന മാനുഷിക പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്തതായി ട്വീറ്റ് ചെയ്തു.
യു എ ഇയുടെ നിലപാട് ഉറച്ചതും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കുന്നതുമാണ്. അടുത്തിടെ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ സ്റ്റേറ്റിന്റെ പൂര്‍ണ അംഗത്വത്തിനായി വോട്ട് ചെയ്യുന്നതില്‍ കലാശിച്ച ഞങ്ങളുടെ രാഷ്ട്രീയ ശ്രമങ്ങള്‍ അടക്കം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതും ജനങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഉച്ചകോടി പ്രമേയങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തു.
പൊതു സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ അറബ് സഹകരണം ഏകീകരിക്കുന്നതിനുള്ള നിരവധി വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത അറബ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നത് യു എ ഇയുടെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മുന്‍ഗണനയാണ്. എല്ലാവരുമായും സഹകരണത്തിന്റെ പാലങ്ങള്‍ പണിയുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

