KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ഗുണ്ടാവിളയാട്ടം: ഡോക്ടർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്

SHARE THIS ON

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ ഗുണ്ടാവിളയാട്ടം. ഡോക്ടറടക്കം 3 ജീവനക്കാർക്ക് മർദനമേറ്റു. അക്രമത്തിൽ സാരമായി പരുക്കേറ്റ എമർജൻസി ഫിസിഷ്യൻ ഡോ. ശിവരാജിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 9 പേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശികളായ ആരിഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാൻ, ഷെയ്ഖ് അബ്ദുൽ റഹ്മാൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയുമാണ് കേസ്. ഒന്നാം പ്രതി ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.50ന് ആണ് സംഭവം.

അപകടത്തിൽ പരുക്കേറ്റയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രോഗിയെ മാറ്റാൻ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, രോഗിയുടെ കൂടെയുണ്ടായിരുന്ന ആൾ തന്റെ ആംബുലൻസിലേക്ക് രോഗിയിൽ നിന്നു വെന്റിലേറ്റർ മാറ്റി കയറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഡോക്ടറും ആശുപത്രി അധികൃതരും തയാറാകാതെ വന്നതോടെയാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. തടയാൻ ചെന്ന ഡോക്ടർക്കും ജീവനക്കാർക്കുമാണ് മർദനമേറ്റത്. ആശുപത്രിക്കും കേടുപാട് സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!