കാഞ്ഞങ്ങാട്, കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ്: കാസർകോട്ട് ലിഫ്റ്റും എസ്കലേറ്ററും

കാസർകോട്: കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിൽ മേൽനടപ്പാലം പണി പുരോഗമിക്കുന്നതായി റെയിൽവേ അധികൃതർ പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. കുമ്പള, കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിൽ രണ്ടുവീതം ലിഫ്റ്റും സ്ഥാപിക്കും. കാസർകോട് സ്റ്റേഷനിൽ രണ്ട് എസ്കലേറ്ററുകളും വരും.
ചെറുവത്തൂർ, നീലേശ്വരം, കുമ്പള, ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നീലേശ്വരം സ്റ്റേഷനിൽ ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേറ്റർ ബോർഡ് സ്ഥാപിക്കാൻ കരാർ നൽകി. കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ഇവ ഇതിനകം സ്ഥാപിച്ചു. നീലേശ്വരം സ്റ്റേഷനിൽ കോച്ച് ഗൈഡൻസ് ഡിസ്പ്ലേ ബോർഡും സ്ഥാപിക്കും. കാസർകോട്ട് അടുത്തിടെ ഇത് സ്ഥാപിച്ചു.
മഞ്ചേശ്വരം, ഉപ്പള, കുമ്പള, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകളിലെ മൈക്ക് സംവിധാനം മാറ്റാനും നടപടിയായി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി കാസർകോട് റെയിൽവേ സ്റ്റേഷന്റെ നവീകരണവും പുരോഗമിക്കുകയാണ്.
വെളിച്ചസംവിധാനം വിമാനത്താവള നിലവാരത്തിൽ
വിമാനത്താവള നിലവാരത്തിലുള്ള വെളിച്ചസംവിധാനം കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ, നീലേശ്വരം, കുമ്പള സ്റ്റേഷനുകളിൽ ഏർപ്പെടുത്തി. പാർക്കിങ്ങിനായി കാസർകോട്-5938, കാഞ്ഞങ്ങാട്-4696, ചെറുവത്തൂർ-1130, കുന്പള-1832, നീലേശ്വരം-1212, മഞ്ചേശ്വരം-1358, കോട്ടിക്കുളം-797, ഉപ്പള-500 ചതുരശ്രമീറ്റർ വീതം സ്ഥലം സജ്ജമാക്കി. ചെറുവത്തൂരിൽ രണ്ട്, നീലേശ്വരത്ത് മൂന്ന്, കാഞ്ഞങ്ങാട് നാല്, കാസർകോട് രണ്ട്, കുമ്പള ഒന്ന് വീതം കാറ്ററിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതായും റെയിൽവേ അറിയിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ള എംപിമാർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്, പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദി ഉൾപ്പെടെയുള്ള റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

