KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് വോഡഫോണ്‍ ഐഡിയ: ടെലികോം വകുപ്പിന് കത്ത്

SHARE THIS ON

ന്യുഡൽഹി: എ.ജി.ആർ കുടിശ്ശികകളില്‍ സര്‍ക്കാര്‍ അടിയന്തിര ഇളവ് നല്‍കിയില്ലെങ്കില്‍ 2026 സാമ്പത്തികവര്‍ഷത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം വകുപ്പിനെ അറിയിച്ചു.

സര്‍ക്കാരിന്റെ പിന്തുണയില്ലാത്തപക്ഷം ഫണ്ട് കണ്ടെത്താനുള്ള ബാങ്കുകളുമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറം വിഐഎല്ലിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് 2025 ഏപ്രില്‍ 17 ന് അയച്ച കത്തില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സിഇഒ അക്ഷയ മുന്ദ്ര അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എജിആര്‍ കുടിശികയില്‍ നിന്ന് ഏകദേശം 30,000 കോടിരൂപ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ മെയ് 19 ന് സുപ്രീംകോടതി വാദം കേള്‍ക്കും. 58,000 കോടിയോളം രൂപയാണ് കുടിശികയായി വോഡഫോൺ സർക്കാരിന് നൽകാനുള്ളത്.

ബാങ്കുകളുടെ കടം തിരിച്ചടയ്ക്കാതെ നിക്ഷേപം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ലെന്ന്‌ കമ്പനി ടെലികോം വകുപ്പിനെ അറിയിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസമാവും. മൂലധനനിക്ഷേപം സാധ്യമല്ലാതാവും. ഇത് കഴിഞ്ഞ 12 മാസമായി കമ്പനി സമാഹരിച്ച ഓഹരി നിക്ഷേപത്തിന്റെ മൂല്യമിടിയുന്നതിന് വഴിവെക്കുമെന്ന് കമ്പനി പറയുന്നു. കമ്പനിയില്‍ സര്‍ക്കാരിനുള്ള 49 ശതമാനം ഓഹരിയും ഇക്കൂട്ടത്തില്‍ പെടും. അതായത് കമ്പനിയിലെ പ്രധാന ഓഹരിയുടമ സര്‍ക്കാര്‍ തന്നെയാണ്. എജിആര്‍ കുടിശികയില്‍ ഇടപെടലുണ്ടാകാതെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്ഥിതി വന്നാല്‍ അത് സര്‍ക്കാരിന് തന്നെയാണ് നഷ്ടമാവുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് നിക്ഷേപകരേയും ഇത് ബാധിക്കും.

സേവനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ വോഡഫോണ്‍ ഐഡിയയുടെ 20 കോടി ഉപഭോക്താക്കളെ അത് പ്രയാസത്തിലാക്കുമെന്നും. സര്‍ക്കാരിന്റെ സമയബന്ധിതമായ പിന്തുണ പൊതുജനങ്ങള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാവുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!