ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിമാരെ കിട്ടുന്നില്ല; തുറക്കാനാവതെ സ്‌കൂള്‍ കെട്ടിടം

മേയ് 31-ന് മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും നാട്ടുകാരും. എന്നാൽ, ഇപ്പോഴും കെട്ടിടം പൂട്ടിയിട്ടനിലയിലാണ്.
കമ്പല്ലൂർ : പണിപൂർത്തിയായിട്ടും ഉദ്‌ഘാടകനെ കാത്ത് തുറന്നുകൊടുക്കാതെ സ്കൂൾ കെട്ടിടങ്ങൾ. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുകെട്ടിടങ്ങളാണ് ഉദ്‌ഘാടനെയും കാത്ത് നിൽക്കുന്നത്. ഒന്ന് പണി പൂർത്തിയായിട്ട് ഒന്നരവർഷം കഴിഞ്ഞു. മറ്റൊന്നിന്റെ പണി പൂർത്തിയായിട്ട് ആറ് മാസം കഴിഞ്ഞു.
കാസർകോട് വികസനപദ്ധതിയിൽ 75 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഒരുങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞു. 2017-2018 സാമ്പത്തികവർഷമാണ് പ്രൈമറി വിഭാഗത്തിന് കെട്ടിടം നിർമിക്കാൻ ഒരുകോടി രൂപ അനുവദിച്ചത്. 75 ലക്ഷം രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. എട്ടു ക്ലാസ് മുറികളും കുട്ടികൾക്കുള്ള പ്രാഥമിക സൗകര്യവും ഉൾപ്പെടെയുള്ളതാണ് ഈ കെട്ടിടം. 2018-ൽ നിർമാണം ആരംഭിച്ചു. ആദ്യത്തെ രണ്ടുവർഷം കരാറുകാരന്റെ അനാസ്ഥ കാരണവും ഒരുവർഷം കോവിഡ് മഹാമാരി കാരണവും പണി നീണ്ടു.
നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം പണിതത്. 2021 ഫെബ്രുവരി 28-നു കെട്ടിടനിർമാണം പൂർത്തിയാക്കി. എന്നാൽ, ഉദ്‌ഘാടനം മാറ്റിവെക്കപ്പെട്ടു. കഴിഞ്ഞവർഷം ക്ലാസ് ആരംഭിച്ചപ്പോൾ കുട്ടികൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ അധികൃതരുടെ സമ്മതത്തോടെ കെട്ടിടത്തിൽ ക്ലാസ് ആരംഭിച്ചിട്ടുണ്ട്.
2.45 കോടി രൂപ ചെലവിൽ നിർമിച്ച മൂന്നുനില കെട്ടിടമാണ് രണ്ടാമത്തേത്. 12 ക്ലാസ് മുറികളും നാല് ലബോറട്ടറിയും ഒരു ഓഡിറ്റോറിയവും ഉൾപ്പെട്ടതാണ് ഈ മൂന്നുനില കെട്ടിടം. പണി പൂർത്തിയാക്കിയിട്ട് ആറുമാസം കഴിഞ്ഞു. മേയ് 31-ന് മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകരും നാട്ടുകാരും. എന്നാൽ, ഇപ്പോഴും കെട്ടിടം പൂട്ടിയിട്ടനിലയിലാണ്. മന്ത്രിമാരെ ലഭിക്കാത്തതാണ് ഉദ്‌ഘാടനം വൈകാൻ കാരണമെന്നറിയുന്നു. ജൂൺ 30-നുമുൻപ് കെട്ടിടം ഉദ്‌ഘാടനം ചെയ്യുമെന്ന് പി.ടി.എ. പ്രസിഡൻറ് കെ.എസ്. ശ്രീനിവാസൻ പറഞ്ഞു.
തയ്യേനി ഗവ. ഹൈസ്കൂൾ
.11 കോടി രൂപ ചെലവിൽ തയ്യേനി ഗവ. ഹൈസ്കൂളിന് നിർമിച്ച കെട്ടിടവും ഉദ്‌ഘാടകനെയും കാത്ത് നിൽക്കുകയാണ്. ഏഴ് ക്ലാസ് മുറികളും ഭക്ഷണശാലയും ഓഡിറ്റോറിയവും ഉൾപ്പെടുന്നതാണ് കെട്ടിടം. 2019-ലാണ് നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. വയറിങ് ജോലി കരാർ ഏറ്റെടുത്തവർ പൂർത്തിയാക്കിയിട്ടില്ല. മേയ് 31-ന് ഇതിന്റെ ഉദ്‌ഘാടനവും നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു.

